മലയാളത്തിൽ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ക്രൈം 302’ പ്രദർശനത്തിന് ഒരുങ്ങുന്നു. ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യവും ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരവുമുണ്ടെന്ന പ്രമേയവുമായി എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം നിർവഹിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീനാണ്.
നിഷാ ആന്റ് സാറാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാലും റാഫിയ സജീറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ നടൻ സിദ്ദിഖ്, പാഷാണം ഷാജി, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, ജസീല പർവീൺ, നിധിക്കുട്ടി, ഷിഫാന, രാജൻ ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്, വിശ്വ, സിയാദ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ജഗദീഷ് വിശ്വം, കിരൺ, സാബു അപ്പുക്കുട്ടൻ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് അലൻ കൈകാര്യം ചെയ്യുന്നു. മിഥുൻ എസ്. അജയ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും വിഷ്ണു വെഞ്ഞാറമൂട്, ഷംനാദ് അല്ലു എന്നിവർ കോ-ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. പ്രിൻസ് അതി, ഗൗതം എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. വൈശാഖ്, ശ്രീഹരി, നന്ദ എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു.
റോയ് അതിമൂടനും വിശ്വ മ്യൂസിക്കും ചേർന്നാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. സജീർ സൈനുദ്ദീനും റിയാസ് വട്ടിയൂർക്കാവുമാണ് ഗാനരചയിതാക്കൾ. ആയിഷ സജീർ, റോയ് അതിമൂടൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ഗാനങ്ങളുടെ സംഗീതസംവിധാനവും മിക്സിംഗും വിനീത് എസ്തപ്പാൻ (മാട്രിക്സ് സ്റ്റുഡിയോസ്) നിർവഹിക്കുന്നു. പശ്ചാത്തലസംഗീതം സുരേഷ് കാർത്തിക്കും ഓഡിയോഗ്രഫി ശങ്കർ ദാസ് വി.സിയും ശബ്ദരൂപകൽപ്പന ഷൈൻ ബി. ജോണും കൈകാര്യം ചെയ്യുന്നു.
സുനിൽ തിരുവല്ലമാണ് പ്രൊഡക്ഷൻ കൺട്രോളർ. മനു മലയൻകീഴ്, ശ്രീജിത്ത് കുമാരപുരം എന്നിവർ വസ്ത്രാലങ്കാരവും രാജേഷ് ചിതറ മേക്കപ്പും നിർവഹിക്കുന്നു. സഞ്ജുവും മഹേഷുമാണ് കലാസംവിധായകർ. നമോ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു. എ.എസ്. ദിനേശാണ് പി.ആർ.ഒ.
ദുരൂഹതകളും അന്വേഷണങ്ങളും പ്രതികാരവും കോർത്തിണക്കുന്ന ‘ക്രൈം 302’ മലയാളത്തിലെ പുതിയ ത്രില്ലർ അനുഭവമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ്.



