ന്യൂഡൽഹി: ഇന്ത്യ വിടണമെന്ന മുംബൈ പൊലീസിന്റെ നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 28നകം രാജ്യം വിടണമെന്ന നിർദേശം സ്റ്റേ ചെയ്യണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും താരം ആവശ്യപ്പെട്ടു. ഒക്ടോബർ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആറിനെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമായിരുന്നു സമരം.
പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അന്നുതന്നെ താരത്തെ വിട്ടയച്ചു. ഇന്ത്യയിൽ ജനിച്ചുവളർന്ന ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണ്. ഒസിഐ കാർഡിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ താമസിക്കുന്നത്. താമസവ്യവസ്ഥകൾ ലംഘിച്ചെന്ന പരാതിയിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. തന്റെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നാണ് താരത്തിന്റെ ആരോപണം. ഹർജിയിൽ ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യയിലെ തുടർതാമസവുമായി ബന്ധപ്പെട്ട വിഷയത്തിൽ അധികൃതരുടെ അടുത്ത നീക്കങ്ങളും നിർണായകമാകും.



