തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ. ചെങ്കോട്ട – പുനലൂർ ഗാട്ട് റൂട്ടിലാണ് പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ യാത്രക്കാർക്ക് ആസ്വദിക്കുന്നതിനായി എക്സിക്യൂട്ടീവ് വിസ്ഡോം എസി എൽ.എച്ച്.ബി കോച്ച് അനുവദിച്ചത്. മധുര – ഗുരുവായൂർ – മധുര എക്സ്പ്രസിൽ ഈ കോച്ച് ലഭിക്കും. പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും.
ഒരു എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി കോച്ച്, ഒരു 3-ടയർ എസി കോച്ച്, രണ്ട് സ്ലീപ്പർ കോച്ചുകൾ, ഏഴ് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് ലഗേജ്/ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കാർ കോച്ച് എന്നിവയാണ് ഈ ട്രെയിനിലെ കോച്ചുകൾ. ഇവി ക്ലാസ് കോഡിന് കീഴിൽ എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി കോച്ചിലേക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന നിരക്ക് 515 രൂപ മാത്രമാണെങ്കിലും, മുഴുവൻ ദൂരെയുള്ള യാത്രയ്ക്ക് 1,875 രൂപയാണ് നിരക്ക് വരുന്നത്.
മധുര – ഗുരുവായൂർ എക്സ്പ്രസിന് പുതിയ ആകർഷണമാണ് വിസ്റ്റാഡോം കോച്ചിന്റെ വരവ്. വലിയ ഗ്ലാസ് ജനലുകളും തിരിക്കാവുന്ന സീറ്റുകളും ഉൾക്കൊള്ളുന്ന ഈ ടൂറിസ്റ്റ് ഫ്രണ്ട്ലി കോച്ച് യാത്രക്കാർക്ക് പശ്ചിമഘട്ടത്തിന്റെ പനോരമിക് കാഴ്ചകൾ സമ്മാനിക്കും. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ചെങ്കോട്ട ചുരത്തിലെ വളഞ്ഞുപുളഞ്ഞ പാതകളും ഹരിതാഭമായ പ്രകൃതിയും മലനിരകളും ഇനി യാത്രക്കാർക്ക് പരമാവധി ആസ്വദിക്കാം.



