തിരുവനന്തപുരം: തൃശ്ശൂർ ചാലക്കുടിയിലെ എംആർസി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിൽ നൽകിയ ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി. മദ്യനയം വരുന്നത് വരെ ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും നിർത്തിവെക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. മാളുകളിലും ബേക്കറികളിലും വൈൻ വില്പന നടക്കുന്നില്ല എന്ന് കമ്മീഷണർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്. ഹോർട്ടി വൈൻ വിൽക്കാൻ ഉത്തരവ് പുറത്തിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ സ്ഥാനത്ത് നിന്ന് മാറ്റാൻ നേരത്തെ എക്സൈസ് മന്ത്രി എം.ലിജു നിർദ്ദേശം നൽകിയിരുന്നു.
ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം. ലിജു വ്യക്തമാക്കിയിരുന്നു. ബേക്കറി വഴി വൈൻ കൊടുക്കുന്നത് സമൂഹത്തെ ദോഷകരമായി ബാധിക്കും. സർക്കാരിന്റെ മദ്യനയ ചർച്ച നടന്നു വരികയാണ്. നിലവിലെ ചട്ടഭേഗതി മാറ്റണമോ എന്ന് മദ്യനയത്തിൽ തീരുമാനിക്കും. സർക്കാരിന്റെ മദ്യനയത്തിൽ ബേക്കറി വഴിയുള്ള വൈൻ വിൽപന ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെ മദ്യം കൊടുക്കുന്നതല്ല യുഡിഎഫിന്റെ പൊതുനിലപാടെന്നും മന്ത്രി പറഞ്ഞിരുന്നു. എൽഡിഎഫ് സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത് പ്രകാരമാണ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തത്. യുഡിഎഫ് സർക്കാർ നയം തീരുമാനിച്ചിട്ടില്ല. വകുപ്പുമന്ത്രിയെ അറിയിച്ച് തീരുമാനം എടുക്കണമായിരുന്നുവെന്നും എം ലിജു വ്യക്തമാക്കിയിരുന്നു.
എക്സൈസ് മന്ത്രി അറിയാതെയായിരുന്നു നേരത്തെ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയത്. ചാലക്കുടിയിലെ ബേക്കറിയിലായിരുന്നു ഹോർട്ടി വൈൻ വിൽപ്പന ആരംഭിച്ചത്. സംഭവത്തിൽ അതൃപ്തി വ്യക്തമാക്കിയ മന്ത്രി എം ലിജു എക്സൈസ് കമ്മീഷ്ണറോട് റിപ്പോർട്ട് തേടിയിരുന്നു. 2026 ജൂൺ 24 ന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവൂ ആണ് വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പനയക്ക് അനുമതി നൽകിയത്. എക്സൈസ് മന്ത്രിയോട് ആലോചിക്കാതെ ആയിരുന്നു തീരുമാനമെടുത്തത്.
കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് അബ്കാരി നിയമത്തിൽ ഭേദഗതി ചെയ്ത് ഹോർട്ടി വൈൻസ് കേരളത്തിൽ വിൽക്കാൻ ഉൾപ്പെടെയുള്ള ചട്ടങ്ങൾ രൂപീകരിച്ചിരുന്നു. ആ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ മുമ്പ് നൽകിയ അപേക്ഷയിലാണ് സർക്കാർ അധികാരത്തിൽ വന്ന ശേഷം എക്സൈസ് കമ്മീഷണറുടെ ഉത്തരവ് വന്നത്. ഇതിൽ സർക്കാരിന് കുറച്ച് കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. 15 ശതമാനം ആൽക്കഹോളുള്ള വൈൻസ് ബേക്കറികളിലും സാധാരണ കടകളിലും എത്തിക്കുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. വിശദമായ റിപ്പോർട്ട് എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.



