വാഷിങ്ടൺ: അമേരിക്കയിലെ എല്ലാ കുട്ടികൾക്കും അടുത്ത വർഷം മുതൽ സ്പേസ് എക്സിന്‍റെ ഓരോ ഓഹരി വീതം സമ്മാനമായി നൽകുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ പ്രഖ്യാപനം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മസ്ക് ഈ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന നിരവധി സമ്മാനങ്ങളിൽ ആദ്യത്തേത് മാത്രമാണിതെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 12-ന് നാസ്ഡാക് സൂചികയിൽ ലിസ്റ്റ് ചെയ്ത സ്പേസ് എക്സ് ഓഹരികൾ നിലവിൽ 147.43 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. ഇഷ്യു വിലയായ 135 ഡോളറിൽ നിന്ന് 11 ശതമാനം പ്രീമിയത്തോടെ 150 ഡോളറിലാണ് കമ്പനി ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇൻഫ്രാസ്ട്രക്ചർ, സ്റ്റാർലിങ്ക് സേവനങ്ങൾ എന്നിവയ്ക്കുള്ള ആവശ്യം കുത്തനെ ഉയർന്നതിനെ തുടർന്ന് കമ്പനിയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കഴിഞ്ഞ മാസം കൂടുതൽ മുന്നോട്ട് വെച്ചിരുന്നു.
2030ഓടെ വാർഷിക വരുമാനത്തിൽ ഒരു ലക്ഷം കോടി ഡോളർ എന്ന നാഴികക്കല്ലിലെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുൻപ് കണക്കാക്കിയതിനേക്കാൾ ഒരു വർഷം മുമ്പേ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് സിഇഒ ഇലോൺ മസ്ക് വ്യക്തമാക്കുന്നത്. സ്റ്റാർലിങ്ക്, എഐ ഇൻഫ്രാസ്ട്രക്ചർ, ലോഞ്ച് സർവീസസ് എന്നീ മൂന്ന് പ്രധാന ബിസിനസ് മേഖലകളിലുമുള്ള വളർച്ചയാണ് ഈ പുതിയ നേട്ടത്തിന് കാരണമെന്ന് കമ്പനിയുടെ വരുമാന കണക്കുകൾ വ്യക്തമാക്കുന്നു.



