തിരുവനന്തപുരം: എസ്ഐആർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഗായകൻ ജോബ് കുര്യൻ രംഗത്ത്. ജനാധിപത്യം സംരക്ഷിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉറപ്പാക്കാനും എല്ലാവരും മുന്നോട്ടുവരണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്എ സ്ഐആറിനെതിരെ ശബ്ദമുയർത്തുന്ന പ്രതിപക്ഷ പാർട്ടികൾക്കും വിവിധ സംഘടനകൾക്കും ഐക്യദാർഢ്യം അറിയിച്ച ജോബ് കുര്യൻ, തങ്ങൾക്കുവേണ്ടി നിലകൊണ്ടവരോട് നന്ദിയും ആദരവും പ്രകടിപ്പിച്ചു. ജനാധിപത്യത്തെയും രാജ്യത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ കുറിപ്പിൽ എടുത്തുപറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം വിമർശിച്ചു. കമ്മീഷന് വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി അത് വീണ്ടെടുക്കണം. സർക്കാരിന്റെ സ്വാധീനത്തിന് വഴങ്ങാതെ സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കേണ്ട സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്നും ജോബ് കുര്യൻ അഭിപ്രായപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പദവി ഒഴിയണമെന്നാണ് തന്റെ നിലപാടെന്നും കുറിപ്പിൽ വ്യക്തമാക്കി.
സർക്കാരിനെ ചോദ്യം ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവർത്തനമായി കാണാനാകില്ലെന്നും ജോബ് കുര്യൻ പറഞ്ഞു. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്നതും ഭാഷകൾ അടിച്ചേൽപ്പിക്കുന്നതും ഭക്ഷണനിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തില്ലെന്നും അദ്ദേഹം വിമർശിച്ചു സ്ഥലങ്ങളുടെ പേരുമാറ്റവും മുൻകാല നേതാക്കളെ കുറ്റപ്പെടുത്തുന്നതും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണെന്നും കുറിപ്പിൽ ആരോപിക്കുന്നു.
എസ്ഐആറുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ തുടരുന്നതിനിടെയാണ് ജോബ് കുര്യന്റെ പ്രതികരണം ശ്രദ്ധ നേടുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും സംബന്ധിച്ച ചർച്ചകൾക്ക് അദ്ദേഹത്തിന്റെ കുറിപ്പ് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.



