ക്വിറ്റോ: ഇക്വഡോറിൽ കുർബാന അർപ്പിക്കുന്നതിനിടെ അൾത്താരയിലെ ക്രൂശിതരൂപം തകർന്ന് വീണ് കത്തോലിക്കാ പുരോഹിതന് ദാരുണാന്ത്യം. ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായാക്വിലിലെ ന്യൂസ്ട്ര സെനോറ ഡെൽ പെർപെറ്റുവോ സോക്കോറോ പള്ളിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഫാദർ പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് അപകടത്തിൽ മരിച്ചത്. ബലിപീഠത്തിന് മുന്നിൽ ജനാഭിമുഖമായി നിൽക്കുന്ന പുരോഹിതന്റെ തലയിലേക്കാണ് വലിയ ക്രൂശിതരൂപം പൊടുന്നനെ തകർന്ന് വീണത്.
സംഭവം കണ്ട് പരിഭ്രാന്തരായ വിശ്വാസികൾ ഉടൻ തന്നെ അൾത്താരയിലേക്ക് ഓടിയെത്തി പുരോഹിതനെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ഞായറാഴ്ച അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുർബാനയുടെ ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തിരുന്നു. അപകടം നടന്ന് അൽപസമയത്തിനുള്ളിൽ തന്നെ ആളുകൾ വിഡീയോ കട്ട് ചെയ്തു. ക്രൂശിതരൂപം വീഴാൻ കാരണമെന്തെന്ന വിവരം ലഭിച്ചിട്ടില്ല. 1732ൽ വിശുദ്ധ അൽഫോൻസസ് ലിഗോരി സ്ഥാപിച്ച മോസ്റ്റ് ഹോളി റിഡീമറുടെ സഭയിലെ പുരോഹിതനായിരുന്നു പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരി.



