കണ്ണൂർ: പിലാത്തറയിലെ സ്വർണക്കവർച്ച കേസിൽ മുഖ്യപ്രതികൾ പിടിയിൽ. സായൂജ് പി, ജിഷ്ണു വി, സുന്ദരൻ എം എന്നിവരെ മൈസൂരുവിൽ നിന്നാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കേസിൽ നേരത്തെ പ്രാദേശിക ബിജെപി നേതാവും അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42) അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ജൂൺ രണ്ടിനാണ് മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ച് പണവും സ്വർണവും കവർന്നത്. 55 ലക്ഷം രൂപയും പരാതിക്കാരന്റെ ഭാര്യയുടെ ബാഗിലുണ്ടായിരുന്ന 25 ഗ്രാം സ്വർണവുമാണ് നഷ്ടമായത്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധർ നിഗമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 310-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാറിനുള്ളിലുണ്ടായിരുന്ന വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം കാർ ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് പരിയാരം പൊലീസിനെ വിവരമറിയിച്ചതും.കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



