കൽപ്പറ്റ: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നൽകി.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമായ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞതായും കേസിൽ നീതി ലഭിക്കണമെന്നുമാണ് ഗോപികയുടെ അമ്മ സരിതയുടെ പ്രതികരണം. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗോപികയുടെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി.
അപകടത്തിൽപ്പെട്ട കാറിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (EDR) പരിശോധനാഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും. ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.
സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
എറണാകുളത്ത് പഠനത്തോടൊപ്പം തൃക്കാക്കരയിലെ കരകൗശല വ്യാപാര സ്ഥാപനത്തിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്ന യുവാക്കളാണ് അപകടത്തിൽ മരിച്ചത്. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.
അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. സുഹൈലിന്റെ കുടുംബം ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമകളാണ്. സുഹൈലിന് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും അപകടത്തിൽപ്പെട്ട മിനി കൂപ്പർ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്.



