ഇടുക്കി: ശബരിമല തീർഥാടനത്തിന് മുന്നോടിയായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള റോഡുകളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് റോഡ് അറ്റകുറ്റപ്പണികളും സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതുമടക്കമുള്ള ജോലികൾ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർദേശിച്ചു. തീർഥാടന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയത്.
വാളാടി, സത്രം, പുല്ലുമേട്, മുക്കുഴി, ബോയ്സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആവശ്യത്തിന് ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കാൻ വനം വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ആരോഗ്യപ്രശ്നങ്ങളുള്ള തീർഥാടകരെ പരിശോധിച്ചശേഷം യാത്രയ്ക്ക് അനുവദിക്കുന്നതിനുള്ള സംവിധാനം വാളാടിയിൽ ഒരുക്കും. ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ സത്രം വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കും. ഇക്കാര്യം വിവിധ ഭാഷകളിൽ അറിയിക്കുന്നതിനുള്ള അനൗൺസ്മെന്റ് സംവിധാനവും ഒരുക്കും. വാളാടിയിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കാവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തും.
സത്രത്തിനും പുല്ലുമേടിനുമിടയിൽ വനം വകുപ്പ് മൂന്ന് പുതിയ സർവീസ് സെന്ററുകൾ കൂടി തുറക്കും. സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി എന്നിവിടങ്ങളിലാണ് ഇക്കോ ഷോപ്പുകൾ ആരംഭിക്കുക. ഇവിടെ കുടിവെള്ളം, കഞ്ഞി, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കും. പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഒരു വാച്ച് ടവർ കൂടി നിർമിക്കും.
ആറുപേർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമിന് പുറമേ, പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാർഡുമാരെ വീതം നിയോഗിക്കും. പകൽ സമയങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനുമാണ് ക്രമീകരണങ്ങൾ.
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആറ് ടീമുകൾ 24 മണിക്കൂറും പട്രോളിങ് നടത്തും. വഴിയിൽ തകരാറിലാകുന്ന വാഹനങ്ങൾ നന്നാക്കുന്നതിനായി വർക്ക്ഷോപ്പ് സഹായവും ഒരുക്കും. ജീപ്പ് സർവീസ് നടത്തുന്നവരുമായി ചർച്ച നടത്തി നിരക്ക് നിശ്ചയിക്കാനും നിരക്ക് വിവരങ്ങൾ വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കാനും മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.



