തിരുവനന്തപുരം: കോവളം സ്പായിലെ 16കാരിയുടെ പീഡനവുമായി ബന്ധപ്പെട്ട കേസിൽ സ്പാ ഉടമയും ഹെൽത്ത് ഇൻസ്പെക്ടറുമായ അനുരൂപിന് പെൺവാണിഭ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനായി എത്തിക്കുന്നതിൽ അനുരൂപിന് മുമ്പും പങ്കുണ്ടായിരുന്നുവെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഇത്തരത്തിൽ എത്തിച്ചിരുന്നതായി സൂചനയുണ്ട്.
കോവളത്തിന് പുറമേ വിഴിഞ്ഞത്തും പൊഴിയൂരിലുമുള്ള അനുരൂപിന്റെ സ്പാകളിലെ വനിതാ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട ബെംഗളൂരുവിലെ ഇടനിലക്കാരിക്കായും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് പെൺകുട്ടികളെ കേരളത്തിലെത്തിച്ചിരുന്നത് ഇവരാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെയും വിപുലീകരിച്ചു. കൺട്രോൾ റൂം എസിപിക്കാണ് അന്വേഷണച്ചുമതല. കോവളം സിഐ ഉൾപ്പെടെയുള്ളവർ സംഘത്തിൽ തുടരും. പീഡനത്തിനിരയായ പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഗുഡുവാഞ്ചേരി പൊലീസ് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി തമിഴ്നാട് പൊലീസ് ശിശുക്ഷേമ സമിതിയുടെ അനുമതി തേടിയിട്ടുണ്ട്.
കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിനായി നെയ്യാറ്റിൻകര കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. സ്പാ നടത്തിപ്പുകാരായ സുജിത്ത്, നിശാന്ത് എന്നിവരെയാണ് ആദ്യം കസ്റ്റഡിയിൽ വാങ്ങാൻ ഉദ്ദേശിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ പെൺകുട്ടിയെ താമസിപ്പിച്ചിരുന്ന സ്ഥലങ്ങളിലുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അനുരൂപിന്റെ മറ്റ് സ്പാകളിലും പരിശോധന നടത്തും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.
മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് രണ്ടുവയസ്സുമുതൽ മാതൃസഹോദരിയുടെ സംരക്ഷണയിൽ വളർന്ന പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ഇളയമ്മയും ഭർത്താവും ചേർന്ന് പണം വാങ്ങി കുട്ടിയെ വിൽക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കോവളത്തുനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും വിൽക്കാൻ ശ്രമം നടന്നതായും വിവരമുണ്ട്. സ്പാ ജീവനക്കാരനാണ് പെൺകുട്ടിയെ രക്ഷിച്ചത്. പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് പ്രതികൾ തന്നെയാണ് പൊലീസിന്റെ സഹായം തേടിയത്. കുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്തേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
നെയ്യാർ ഡാമിന് സമീപത്തുനിന്നാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ പൊലീസിന് തോന്നിയ സംശയമാണ് കേസിലെ നിർണായക വഴിത്തിരിവായത്. പെൺകുട്ടിയുടേതെന്ന് പറഞ്ഞ് ഹാജരാക്കിയ ആധാർ കാർഡിൽ 22 വയസ്സായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് 16 വയസ്സ് മാത്രമാണെന്ന് കണ്ടെത്തി. ആന്ധ്രയിൽനിന്ന് ജനന സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് യഥാർഥ പ്രായം സ്ഥിരീകരിച്ചത്.
തുടർന്ന് പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതോടെയാണ് ലൈംഗിക ചൂഷണത്തിന്റെയും പെൺവാണിഭ സംഘത്തിന്റെയും വിവരങ്ങൾ പുറത്തുവന്നത്. കേസിൽ കൂടുതൽ പ്രതികളുടെ പങ്കും മറ്റ് സംസ്ഥാനങ്ങളുമായുള്ള ബന്ധവും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.



