ന്യൂഡൽഹി: വിദേശസന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് വിയറ്റ്നാമിൽനിന്ന് മടങ്ങിയെത്തും. ബിജെപിയുടെ വിമർശനങ്ങൾക്ക് രാഹുൽ മറുപടി നൽകിയേക്കുമെന്നാണ് സൂചന. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം രാഹുൽ തിരിച്ചെത്തിയശേഷം ശക്തമാക്കുമോ എന്നതിലാണ് രാഷ്ട്രീയ ശ്രദ്ധ. ഡൽഹിയിൽ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതേസമയം, രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയിലെത്തും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇൻഡ്യ മുന്നണി പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ രാഹുൽ സമരങ്ങൾക്ക് ഇടവേള നൽകി ആഘോഷത്തിനായി വിദേശത്തേക്ക് പോയെന്നായിരുന്നു ബിജെപിയുടെ ആരോപണം. രാഹുലിന്റെ വിയറ്റ്നാം യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ, താനൊരു ട്രാവൽ ഏജന്റല്ലെന്നും ഇക്കാര്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കോൺഗ്രസ് എംപി ശശി തരൂരിന്റെ മറുപടി.
രാഹുൽ തിരിച്ചെത്തുന്നതോടെ ഗ്യാനേഷ് കുമാറിനെതിരായ സമരം കൂടുതൽ ശക്തമാക്കാനാണ് ഇൻഡ്യ സഖ്യത്തിന്റെ നീക്കമെന്നാണ് വിവരം. ഒക്ടോബർ 28ന് ഗ്യാനേഷ് കുമാറിനെതിരെ മോക്ക് ഇംപീച്ച്മെന്റ് നടത്താനാണ് സഖ്യത്തിന്റെ തീരുമാനം. സിവിൽ സൊസൈറ്റി അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരെയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ നീക്കമുണ്ട്. അഭിഭാഷകരെയും ജഡ്ജിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചേക്കും. ഇതിന് പിന്നാലെ നവംബർ ഒന്നിന് ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ മാർച്ചും നടത്തും. സഖ്യത്തിലെ എംപിമാർക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരെയും ഡൽഹിയിലെത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇടവേളയ്ക്കുശേഷം ഇന്നലെ ഡൽഹിയിൽ വീണ്ടും പ്രതിഷേധം അരങ്ങേറിയിരുന്നു. ‘പീപ്പിൾ എഗെയിൻസ്റ്റ് എസ്ഐആർ’ എന്ന പേരിൽ സംഘടിപ്പിച്ച സമരത്തിൽ പൗരപ്രമുഖരും കർഷകരും ഉൾപ്പെടെ പങ്കെടുത്തു. ഇടതുസംഘടനകളും പ്രതിഷേധത്തിൽ അണിചേർന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യാലയത്തിന് മുന്നിൽ നടന്ന മാർച്ചിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ജനാധിപത്യത്തെ തിരികെ പിടിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം.
സിജെപി നേതാക്കൾ കൂട്ടായ്മയുടെ ഭാഗമായിരുന്നെങ്കിലും മാർച്ചിൽ പങ്കെടുത്തില്ല. ജാമ്യവ്യവസ്ഥയുടെ ഭാഗമായി സമാധാന ബോണ്ട് ഉൾപ്പെടെയുള്ള നിബന്ധനകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് താൽക്കാലികമായി മാറിനിൽക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
രാഹുൽ ഗാന്ധിയുടെ മടങ്ങിവരവും ഇൻഡ്യ സഖ്യത്തിന്റെ വരാനിരിക്കുന്ന പ്രതിഷേധ പരിപാടികളും വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കൂടുതൽ വ്യാപിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കവും ബിജെപിയുടെ വിമർശനങ്ങളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ശക്തമാകാനുള്ള സാധ്യതയുമുണ്ട്.



