ഇറ്റാനഗർ: ഇന്ത്യ-ചൈന അതിർത്തിയിലെ സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശൗര്യ കമാൻഡോകളെ രൂപീകരിച്ച് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി). അരുണാചൽ പ്രദേശിലെ വിവിധ മേഖലകളിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കമാൻഡോകളെ നിയോഗിക്കുന്നതെന്ന് ഐടിബിപി മേധാവി ശത്രുജീത് സിങ് കപൂർ വ്യാഴാഴ്ച അറിയിച്ചു.
ചൈനയുമായുള്ള 3,488 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർഥ നിയന്ത്രണരേഖയിൽ പോരാട്ടസന്നദ്ധത വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ അതിർത്തി ബറ്റാലിയനുകളിലും ശൗര്യ കമാൻഡോകളെ വിന്യസിക്കുമെന്ന് ഐടിബിപി മേധാവി വ്യക്തമാക്കി. സേനയുടെ ആധുനികവത്കരണ പദ്ധതികൾ ശക്തമാക്കുന്നതിനൊപ്പം പുതിയ യുദ്ധസാങ്കേതികവിദ്യകൾക്കും പ്രത്യേക പരിശീലനത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
അതിർത്തി സുരക്ഷയുടെ ഭാഗമായി എല്ലാ ബറ്റാലിയനുകളിലും ഐടിബിപി ഡ്രോൺ പ്ലാറ്റൂണുകൾ രൂപീകരിച്ചിട്ടുണ്ട്. ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിവരികയാണ്. ഡ്രോൺ യുദ്ധശേഷി ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാരിൽനിന്ന് 400 കോടി രൂപ ലഭിച്ചതായും ഇതിന്റെ 70 ശതമാനവും ഡ്രോൺ യുദ്ധസാങ്കേതികവിദ്യ വികസിപ്പിക്കാൻ വിനിയോഗിക്കുമെന്നും ശത്രുജീത് സിങ് കപൂർ അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് അതിർത്തിയിലെ സുരക്ഷാ നീക്കങ്ങൾ നിരീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കമാൻഡോ തല യോഗങ്ങൾ ചേരുമെന്നും അറിയിച്ചിട്ടുണ്ട്. അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും സൈനികരുടെ പോരാട്ടസന്നദ്ധത വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നാണ് ഐടിബിപിയുടെ നിലപാട്.



