ചണ്ഡീഗഢ്:രാജസ്ഥാനിലെ റെയിൽപാളം സ്ഫോടനത്തിന് പിന്നിൽ പാക് ബന്ധമെന്ന് പൊലീസ്, സംഭവവുമായി ബന്ധപ്പെട്ട് 21കാരിയായ മഹക്ദീപ് കൗറിനെയും 22കാരനായ ദാവീന്ദർ സിങ്ങിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പാകിസ്ഥാനിൽ നിന്നുള്ള രണ്ടുപേരുടെ നിർദേശപ്രകാരമാണ് യുവതി പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ‘ചാച്ചാ’, ‘ഷാ’ എന്നീ പേരുകളിൽ ബന്ധപ്പെട്ട ഇവർ ഓൺലൈൻ വഴി പ്രണയക്കെണിയൊരുക്കി യുവതിക്ക് പണവും നൽകിയെന്നാണ് ആരോപണം.
സ്ഫോടനം നടത്താനും പാകിസ്ഥാനിൽനിന്ന് പണം ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ പക്കൽനിന്ന് രണ്ട് തോക്കുകളും 46 വെടിയുണ്ടകളും 30,000 രൂപയും പിടിച്ചെടുത്തു. ഇവർക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവംബർ മൂന്നിനാണ് ശ്രീഗംഗാനഗറിലെ രാംസിങ്പുരിൽ റെയിൽപാളത്തിൽ സ്ഫോടനമുണ്ടായത്. രണ്ട് സ്ലീപ്പറുകൾ തകരുകയും പാളത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. യാത്രാ ട്രെയിൻ കടന്നുപോയതിന് പിന്നാലെയായിരുന്നു സ്ഫോടനം.
സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിവിധ പൊലീസ് വിഭാഗങ്ങൾ അന്വേഷണം ശക്തമാക്കിയത്. പാക് ബന്ധവും പണം കൈമാറിയതും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ? പാകിസ്ഥാനിൽ നിന്നുള്ള നിർദേശങ്ങൾക്ക് പിന്നിൽ ആരൊക്കെയാണ്? അന്വേഷണം പുരോഗമിക്കുകയാണ്.
