ലാൻഡിങ് ഗിയറിൽ തകരാർ; 192 പേരുമായി പറന്ന ഇൻഡിഗോ വിമാനം അടിയന്തരമായി പൂനെയിൽ തിരിച്ചിറക്കി

പൂനെ: ലാൻഡിങ് ഗിയറിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പൂനെയിൽ തിരിച്ചിറക്കി. 192 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ പുറപ്പെട്ട ഇൻഡിഗോയുടെ 6E 0623 വിമാനമാണ് തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയത്.

ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനത്തിന്റെ ലാൻഡിങ് ഗിയർ ഉള്ളിലേക്ക് മടങ്ങിയില്ല. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചു. സാഹചര്യം കണക്കിലെടുത്ത് പൂനെ വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേന സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഗ്നിരക്ഷാ സേനയും ആംബുലൻസുകളും ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സജ്ജമാക്കി.

ലാൻഡിങ്ങിന് മുമ്പ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിന്റെ സ്ഥിതി പരിശോധിക്കുന്നതിനായി റൺവേയ്ക്ക് മുകളിലൂടെ താഴ്ന്ന് പറന്നു. പരിശോധനയ്ക്ക് ശേഷം രാവിലെ 9.04ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന 192 പേരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനു പിന്നാലെ രാവിലെ 9.10ന് അടിയന്തരാവസ്ഥ പിൻവലിച്ചു. ഗുവാഹത്തിയിലേക്കുള്ള യാത്ര തുടരുന്നതിനായി ബെംഗളൂരുവിൽനിന്ന് മറ്റൊരു വിമാനം എത്തിക്കാനുള്ള നടപടികൾ ഇൻഡിഗോ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *