ചെന്നൈ: മധുരൈ തിരുപ്പരങ്കുന്ദ്രം കാർത്തിക ദീപം വിവാദത്തിൽ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതിരുന്നതിലൂടെ ടിവികെയും സഖ്യകക്ഷിയായ കോൺഗ്രസും ഭരണഘടനയോട് വലിയ അവഹേളനമാണ് നടത്തിയതെന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി ആരോപിച്ചു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തി. ബിജെപിയും ആർഎസ്എസും വ്യാജവാർത്തകൾ പ്രചരിപ്പിച്ച് വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
തിരുപ്പരങ്കുന്ദ്രം കുന്നിലെ ദീപത്തൂൺ എന്ന ശിലാസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ നവംബർ 20ന് സുപ്രീംകോടതി ഒറ്റത്തവണ അനുമതി നൽകിയിരുന്നു. എന്നാൽ നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കാതെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് ദീപം തെളിയിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങളും ആഗമ ചട്ടങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം.
സംഭവത്തിൽ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന ആരോപണവുമായി നിയമനടപടികൾ ശക്തമാകുന്നതിനിടെയാണ് രാഷ്ട്രീയ ഏറ്റുമുട്ടലും രൂക്ഷമാകുന്നത്. വിഷയത്തിൽ ടിവികെയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
