‘ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് പുതുക്കണം, പഴയ ധാരണകളിൽ കുടുങ്ങരുത്’; ജപ്പാനിലെ വ്യവസായികളോട് ജയശങ്കർ

ടോക്കിയോ: ഇന്ത്യയെക്കുറിച്ചുള്ള പഴയ ധാരണകൾ മാറ്റി രാജ്യത്തിന്റെ പുതിയ സാമ്പത്തിക വളർച്ചയും വികസനവും തിരിച്ചറിയണമെന്ന് ജപ്പാനിലെ വ്യവസായികളോടും നയരൂപകർത്താക്കളോടും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് പുതുക്കണമെന്നും പഴയ ചിത്രത്തിൽ കുടുങ്ങിക്കിടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജപ്പാനിലെ റെയ്‌സിന ടോക്കിയോ 2026 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014ന് ശേഷം ഇന്ത്യയിൽ വലിയ സാമ്പത്തികവും അടിസ്ഥാനസൗകര്യപരവുമായ മാറ്റങ്ങൾ ഉണ്ടായതായി ജയശങ്കർ ചൂണ്ടിക്കാട്ടി. ദേശീയപാതകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ, വൈദ്യുതി മേഖലകൾ എന്നിവയിലെ പുരോഗതി രാജ്യത്ത് ബിസിനസ് നടത്തുന്നത് കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വിപണിക്കായി ഉൽപ്പാദനം നടത്താനും വിദേശ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാനും ഇന്ത്യ കൂടുതൽ ആകർഷകമായ ഇടമായി മാറിയിട്ടുണ്ട്. വലിയ ആഭ്യന്തര വിപണിയും ഇന്ത്യയുടെ പ്രധാന നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയായതും നൈപുണ്യ വികസന പദ്ധതികൾ വർധിച്ചതും സ്റ്റാർട്ടപ്പ്-നൂതനാശയ മേഖലകളിലെ വളർച്ചയും അദ്ദേഹം എടുത്തുപറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യ, ബഹിരാകാശം, ഡ്രോണുകൾ, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകളിലും ഇന്ത്യ മുന്നേറുകയാണെന്ന് വ്യക്തമാക്കി.

സെമികണ്ടക്ടറുകൾ, നിർണായക ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ശുദ്ധമായ ഊർജം, ഫാർമസ്യൂട്ടിക്കൽസ്, നൂതന ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇരുരാജ്യങ്ങളുടെയും ശക്തമായ പങ്കാളിത്തം നിർണായകമാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *