ന്യൂഡൽഹി: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് വീണ്ടും അനിശ്ചിതത്വത്തിൽ. പുതിയ പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്ന ഹസീനയുടെ ആവശ്യം പരിഗണിക്കാതെ, ഇന്ത്യയിൽനിന്ന് അവരെ കൈമാറണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ് സർക്കാർ. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഹസീനയുടെ നീക്കം. ഇതിനായി ലണ്ടൻ ആസ്ഥാനമായ അഭിഭാഷകർ വഴി ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ പുതിയ പാസ്പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ സാധാരണ യാത്രക്കാരിയെപ്പോലെ പാസ്പോർട്ട് നൽകി മടങ്ങാൻ അനുവദിക്കാനാകില്ലെന്നാണ് ധാക്കയുടെ നിലപാട്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഹസീനയെ കൈമാറണമെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ ആവശ്യപ്പെട്ടത്. രാജ്യത്ത് തിരിച്ചെത്തിയാൽ കോടതിയിൽ ഹാജരായി ശിക്ഷ ഏറ്റുവാങ്ങണമെന്ന നിലപാടും സർക്കാർ ആവർത്തിച്ചു.
അതേസമയം, പാസ്പോർട്ട് അപേക്ഷയുടെ നിയമസാധുതയും നടപടിക്രമങ്ങളും പരിശോധിച്ചുവരികയാണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയിരുന്നു. അപേക്ഷ ഹസീനയുടെ ഔദ്യോഗിക അനുമതിയോടെയാണോ സമർപ്പിച്ചതെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
2024 ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്ന് പുറത്തായതോടെയാണ് ഹസീന ഇന്ത്യയിലെത്തിയത്. 2025-ൽ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്ക്ക് അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ വിചാരണയുടെ നിയമസാധുത ചോദ്യം ചെയ്ത ഹസീന കുറ്റങ്ങൾ നിഷേധിച്ചിട്ടുണ്ട്.
ഹസീനയുടെ മടങ്ങിവരവ് സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയുടെ നിലപാടും നിർണായകമാണ്. ബംഗ്ലാദേശിന്റെ കൈമാറ്റ അഭ്യർഥന നിയമപരമായ നടപടിക്രമങ്ങൾക്കനുസരിച്ച് പരിശോധിക്കുമെന്നാണ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയത്. പാസ്പോർട്ടില്ലാതെ യാത്ര സാധ്യമാകുമോ എന്ന ചോദ്യത്തിന് യാത്രയ്ക്ക് ആവശ്യമായ രേഖകൾ വേണമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
ഹസീനയുടെ മടങ്ങിവരവിനെച്ചൊല്ലിയുള്ള തർക്കം ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്രബന്ധത്തിലും നിർണായക വിഷയമായി തുടരുകയാണ്.
