പത്തനംത്തിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ ഇനി കൂടുതൽ നിയന്ത്രണങ്ങൾ, സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്ന ഏജൻസികളെ തടയാൻ പൊലീസും ദേവസ്വം ബോർഡും പുതിയ പരിഷ്കാരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇനി ആധാർ അധിഷ്ഠിത OTP വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ മാത്രമേ വെർച്വൽ ക്യൂ ബുക്കിങ് സാധ്യമാകൂ. ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താതിരിക്കുകയും സ്ലോട്ട് റദ്ദാക്കാതിരിക്കുകയും ചെയ്താൽ ഈ മണ്ഡലകാലത്ത് വീണ്ടും പുതിയ സ്ലോട്ട് അനുവദിക്കില്ല. എന്നാൽ തീയതി മാറ്റാനും ബുക്കിങ് റദ്ദാക്കാനും സൗകര്യമുണ്ടാകും.
ഓരോ തീർഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യുആർ കോഡ് ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. പമ്പയിലും നിലയ്ക്കലിലും പരിശോധന നടത്തുന്നതും പരിഗണനയിലാണ്. അതേസമയം, നവംബർ 30 വരെ പ്രതിദിനം 5,000 സ്ലോട്ടുകൾ കൂടി അനുവദിക്കും. ഇതോടെ പ്രതിദിന ദർശന പരിധി 80,000ൽ നിന്ന് 85,000 ആയി ഉയരും. പുതിയ പരിഷ്കാരങ്ങൾ ബുക്കിങ് തട്ടിപ്പുകൾക്ക് തടയിടുന്നതിനൊപ്പം കൂടുതൽ തീർഥാടകർക്ക് ദർശനാവസരം ഒരുക്കുമെന്നാണ് പ്രതീക്ഷ. ഈ മാറ്റങ്ങൾ തീർഥാടകർക്ക് വലിയ ആശ്വാസമാകുമോ എന്ന് കാത്തിരുന്ന് കാണാം.
