മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ; വിപുലമായ തിരച്ചിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരച്ചിൽ ഒൻപതുദിവസം പിന്നിടുമ്പോഴും മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. സംസ്ഥാന ചരിത്രത്തിൽ ഇന്നുവരെയുണ്ടാകാത്ത തരത്തിലുള്ള വിപുലമായ തിരച്ചിലാണ് കേന്ദ്രസർക്കാരിന്റെകൂടെ സഹായത്തോടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. രണ്ട് ഡോണിയർ വിമാനങ്ങൾ, ഹെലിക്കോപ്ടർ, കോസ്റ്റ് ഗാർഡ് കപ്പൽ, നേവി ബോട്ട് എന്നിവയ്ക്കുപുറമേ സ്‌കൂബ ഡൈവിങ് സംവിധാനങ്ങളും ഉപയോഗിച്ച് തമിഴ്‌നാട്ടിലെ കുളച്ചൽവരെ പരിശോധന നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ തിരച്ചിലിൽ ഒരുവിധ ഏകോപനവുമില്ലെന്നും തങ്ങളെ തുല്യരായി കാണുന്നില്ലെന്നും കാണാതായവരുടെ കുടുംബങ്ങൾ ആരോപിക്കുന്നു. നേവി തിരച്ചിലിന്റെ ഭാഗമായ വിവരംപോലും കോസ്റ്റൽ പോലീസ് അറിഞ്ഞില്ലെന്ന കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ പറയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടതുകൊണ്ടാണ് നേവി തിരച്ചിലിനായി എത്തിയതെന്നും ലഭ്യമായ സംവിധാനങ്ങൾപോലും കൃത്യമായി ഉപയോഗിക്കുന്നില്ലെന്നും ജോണിന്റെ മകൾ ജിജിയും രേഷ്മയും പറയുന്നു. വിഴിഞ്ഞത്തും നീണ്ടകരയിലും മുതലപ്പൊഴിയിലും ഓരോരുത്തരെ വീതം മൂന്നുപേരെയാണ് കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *