സാവൻ’ മാസത്തിൽ ചിക്കൻ ബിരിയാണി വിളമ്പി; ഉത്തർപ്രദേശിൽ ബുൾഡോസർ ഉപയോഗിച്ച് കട ഇടിച്ച് നിരത്തി

ലഖ്‌നൗ: ‘സാവന്‍’ മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബിരിയാണി കട ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബഹേരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കട ഉടമ മുഹമ്മദ് സല്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിക്ക് പിന്നാലെയായിരുന്നു പൊലീസ് സംരക്ഷണത്തിൽ മുനിസിപ്പല്‍ അധികൃതരുടെ നടപടി.

‘സാവന്‍’ മാസത്തിനിടെ ബിരിയാണി വിറ്റതിന് കടയുടമയ്ക്ക് എതിരെ ഹിന്ദു സംഘടനകളിലെ അംഗങ്ങള്‍ പ്രാദേശിക ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. പരാതിയെത്തുടര്‍ന്ന് പൊലീസും മുനിസിപ്പല്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ബുള്‍ഡോസര്‍ ഉപയോഗിച്ച് കട ഇടിച്ച് നിരത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ കട പൊളിച്ച് നീക്കാന്‍ കാരണം ബിരിയാണി വിറ്റതല്ലെന്നും, അനധികൃത ഭൂമിയിലാണ് കട ഉള്ളത് എന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ‘സാവന്‍’ മാസത്തില്‍ ‘കാന്‍വര്‍’ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ മാംസം വില്‍ക്കരുതെന്ന് നിര്‍ദേശിച്ച് പൊലീസ് കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു എന്നാണ് വിവരം.

ശിക്ഷാ നടപടിയെന്ന നിലയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ മുന്‍പും കോടതികള്‍ കര്‍ശനമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന ഉടന്‍ തന്നെ കെട്ടിടം പൊളിക്കുന്നത് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമാണോ എന്ന് ഒരു കേസ് പരിഗണിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. നിയമവാഴ്ചയ്ക്ക് കീഴില്‍ ‘ബുള്‍ഡോസര്‍ നീതി’ അംഗീകരിക്കാനാവില്ല എന്ന സുപ്രീംകോടതിയുടെ വിധി നിലനില്‍ക്കെത്തന്നെ അധികൃതര്‍ ഇത്തരം നടപടികള്‍ തുടരുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2021-ല്‍ വീടുകള്‍ നിയമവിരുദ്ധമായി പൊളിക്കപ്പെട്ട അഞ്ച് പേര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി പ്രയാഗ്‌രാജ് ഡെവലപ്മെന്റ് അതോറിറ്റിയോട് നിര്‍ദേശിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും സുപ്രീകോടതി നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *