നിഗൂഢതകളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ലോകത്തേക്ക് പ്രേക്ഷകരെ ക്ഷണിച്ച് ജയസൂര്യയുടെ പുതിയ ചിത്രം ‘മായൻ’. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ മിസ്റ്ററി ത്രില്ലർ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെയാണ് കഥ പറയുന്നത്. സാധാരണ അന്വേഷണങ്ങൾക്കും യുക്തിക്കും അപ്പുറത്തുള്ള നിഗൂഢ സംഭവങ്ങളും അപൂർവ ആചാരങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം
.കേരളത്തിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ആചാരവും സിനിമയുടെ പ്രധാന ആകർഷണമാണ്. ജയസൂര്യ പോലീസ് വേഷത്തിലെത്തുമ്പോൾ നായികയായി നൈല ഉഷയും വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. ഫൈസൽ അലിയുടെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും ട്രെയിലറിന്റെ പ്രത്യേകതകളാണ്. ഡിസംബർ 3ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. മലയാള സിനിമയിൽ വേറിട്ടൊരു ത്രില്ലർ അനുഭവമാകുമോ ‘മായൻ’ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
