തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക രശ്മിക മന്ദാന തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്ന് ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസ ഗായിക എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം പറയുന്ന ബയോപിക്കിൽ നായികയായി എത്തുന്നത് രശ്മികയാണ്. എന്നാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിനുള്ളിൽ വലിയൊരു ആശങ്കയുണ്ട്.
ജീവിതത്തിൽ ഇതുവരെ പാട്ടുപാടിയിട്ടില്ലാത്ത താൻ എങ്ങനെയാണ് ഇത്രയും വലിയൊരു ഗായികയായി വെള്ളിത്തിരയിൽ എത്തുക എന്നതാണ് രശ്മികയുടെ ആശങ്ക.സംഗീതവുമായി ഇതുവരെ വലിയ അടുപ്പമില്ലാതിരുന്ന താൻ ഈ സിനിമയ്ക്കുവേണ്ടി ശരിക്കും പാട്ട് പഠിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് രശ്മിക വെളിപ്പെടുത്തുന്നത്. ക്യാമറയ്ക്ക് മുന്നിൽ പാടുന്നതായി വെറുതെ അഭിനയിക്കുകയല്ല, മറിച്ച് സംഗീതം പഠിച്ചുകൊണ്ട് കഥാപാത്രത്തെ കൂടുതൽ മനോഹരമാക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. ‘എനിക്ക് പാട്ട് അറിയില്ല. ജീവിതത്തിൽ ഇതുവരെ പാടിയിട്ടുമില്ല. വീട്ടിൽ പോലും ഞാൻ പാട്ട് മൂളാറില്ല.
സംഗീതത്തിന്റെ ആ ലോകം ഇതുവരെ ഞാൻ എന്നിൽ അടച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ സിനിമയ്ക്കുവേണ്ടി പാട്ട് പഠിക്കണം. വെറുതെ പാടുന്നതായി അഭിനയിച്ചാൽ പോരാ, ശരിക്കും പഠിക്കണം’ എന്നാണ് രശ്മിക പറയുന്നത്.
സംഗീതം തന്നെ സംബന്ധിച്ചിടത്തോളം തീർത്തും പുതിയൊരു ലോകമാണെന്നും ആ ലോകത്തിലേക്ക് കടന്നുചെല്ലാൻ വലിയ കൗതുകമുണ്ടെന്നും രശ്മിക പറയുന്നു. ഈ ശ്രമത്തിൽ എത്രത്തോളം വിജയിക്കാൻ കഴിയുമെന്ന് ഇപ്പോൾ അറിയില്ലെങ്കിലും തന്റെ കഴിവിന്റെ പരമാവധി പ്രയത്നിക്കുമെന്നാണ് താരത്തിന്റെ ഉറപ്പ്.
