ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ നിന്നും കഴിഞ്ഞ വാരാന്ത്യത്തിൽ പുറത്തായ വിക്കി തഗ്ഗിനെക്കുറിച്ച് ഹൃദയസ്പർശിയായ വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ സീസണിലെ മുൻ മത്സരാർത്ഥി എൽദോ. ബിഗ് ബോസ് വീട്ടിൽ വിക്കിയുടെ ഗെയിമിനെക്കുറിച്ച് പലതരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും, വിക്കി എന്ന വ്യക്തിയെക്കുറിച്ച് തീർത്തും വ്യത്യസ്തമായൊരു കാഴ്ചപ്പാടാണ് എൽദോ പങ്കുവെക്കുന്നത്. തന്റെ മക്കൾക്ക് ജീവിതത്തിൽ പഠിപ്പിച്ചുകൊടുക്കാവുന്ന ഒരു പാഠപുസ്തകമായിട്ടാണ് വിക്കിയെ കാണുന്നതെന്നാണ് എൽദോ പറയുന്നത്.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ വിക്കി, ഇപ്പോൾ തകർന്നുപോയ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ ജീവിതം ഒരു സിനിമയാക്കാനുള്ള കഥ തന്നെയുണ്ടെന്നും എൽദോ പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു എൽദോയുടെ പ്രതികരണം. ഒരു മനുഷ്യന് ഒരു ജന്മംകൊണ്ട് അനുഭവിക്കാൻ കഴിയുന്ന കാര്യങ്ങളെല്ലാം വിക്കി അനുഭവിച്ചിട്ടുണ്ടെന്നാണ് എൽദോ പറയുന്നത്. ഇനി അവന്റെ തിരിച്ചുവരവ് വിക്കി തഗ്ഗായിട്ടല്ല, വിഘ്നേഷ് വേണുവായിട്ടായിരിക്കുമെന്നും എൽദോ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ‘എന്നെപ്പോലെ ആവരുത്’ എന്ന് വിക്കി തന്നെ പറയാറുണ്ട്. ഒരു പളുങ്കുപാത്രം താഴെവീണ് ചിതറിപ്പോയതുപോലെ തകർന്നുപോയ ജീവിതത്തെ അവൻ തിരിച്ചുപിടിക്കുകയാണ്.
അതൊരു ചെറിയ കാര്യമല്ല. എന്റെ മക്കൾക്ക് പഠിപ്പിച്ചുകൊടുക്കേണ്ട ഒരു പാഠപുസ്തകമാണ് അവൻ. അവന്റെ ജീവിതം സിനിമയാക്കാനുള്ള വകുപ്പുണ്ട് എന്നാണ് എൽദോ പറയുന്നത്. വിക്കിയുടെ വ്യക്തിത്വത്തെക്കുറിച്ചും എൽദോ മനസ്സുതുറക്കുന്നുണ്ട്. താൻ എന്തുപറഞ്ഞാലും ക്ഷമയോടെ കേട്ടിരിക്കുന്ന വ്യക്തിയാണ് വിക്കിയെന്നും മറ്റുള്ളവരെ വിലയിരുത്താനോ കുറ്റപ്പെടുത്താനോ അവൻ ശ്രമിക്കാറില്ലെന്നും എൽദോ പറയുന്നു.
