മലയാള സിനിമയിലെ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് രംഗത്ത്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജു ജോർജിന്റെ ആരോപണം. ഈ നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പി.ആർ വർക്ക് ചെയ്യുന്നുണ്ടെന്നും നടൻ ആരോപിച്ചു. ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു നടൻ.
എന്നാൽ താരദമ്പതികൾ ആരാണെന്ന് താരം വെളിപ്പെടുത്തിയില്ല. തന്റെ സിനിമയായ വരവിനെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റീവ് ക്യാംപെയ്നുകൾക്കെതിരെയും ജോജു പ്രതികരിച്ചു. ഷാജി കൈലാസ് ഒരുക്കിയ വരവിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ് ‘ ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ. കെ സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
