സിയോൾ: ആരാധകരെ നിരാശയിലാക്കി ദക്ഷിണകൊറിയൻ താരജോഡികളായ ലിം ജി യോണും ലീ ഡോ ഹ്യൂനും വേർപിരിഞ്ഞു. മൂന്ന് വർഷത്തിലേറെ നീണ്ട പ്രണയബന്ധമാണ് അവസാനിപ്പിച്ചത്. ഇരുവരുടെയും ഏജൻസികൾ വാർത്ത സ്ഥിരീകരിച്ചു.
നെറ്റ്ഫ്ലിക്സ് സീരീസായ ‘ദി ഗ്ലോറി’യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2022ൽ പുറത്തിറങ്ങിയ സീരീസിൽ എതിരാളികളായ കഥാപാത്രങ്ങളെയാണ് ലിം ജി യോണും ലീ ഡോ ഹ്യൂനും അവതരിപ്പിച്ചത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. 2023 ഏപ്രിൽ ഒന്നിനാണ് ഇരുവരും പ്രണയത്തിലാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ലീ ഡോ ഹ്യൂന്റെ ഏജൻസിയായ വൈഎച്ച് എന്റർടെയ്ൻമെന്റും ലിം ജി യോണിന്റെ ഏജൻസിയായ ആർട്ടിസ്റ്റ് കമ്പനിയും വേർപിരിയൽ സ്ഥിരീകരിച്ചു. പരസ്പരം പിന്തുണച്ച് നല്ല സഹപ്രവർത്തകരായി തുടരാനാണ് ഇരുവരുടെയും തീരുമാനമെന്ന് ഏജൻസികൾ അറിയിച്ചു. വേർപിരിയലിന്റെ കാരണമോ കൃത്യമായ സമയമോ സ്വകാര്യതയുമായി ബന്ധപ്പെട്ടതിനാൽ വെളിപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി.
2023ൽ പ്രണയം പരസ്യമാക്കിയതിന് പിന്നാലെ നിർബന്ധിത സൈനിക സേവനത്തിനായി ലീ ഡോ ഹ്യൂൻ പോയപ്പോഴും ബന്ധം തുടർന്നിരുന്നു. സൈനിക സേവനത്തിനിടെ 2024ലെ ബെയ്ക്സാങ് പുരസ്കാര വേദിയിൽ ലീ ഡോ ഹ്യൂൻ ലിം ജി യോണിന് നന്ദി അറിയിച്ചതും ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെയും ഇരുവരും ഒരുമിച്ച് ഗോൾഫ് കളിക്കുന്നതിനിടെ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി വേർപിരിയൽ വാർത്ത പുറത്തുവന്നത്. ഇരുവരും അഭിനയരംഗത്ത് പുതിയ പ്രോജക്ടുകളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ്.
