ഇ.പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റെന്ന് പി ജയരാജൻ

തിരുവനന്തപുരം: ഇ.പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സിപിഐഎം നേതൃത്വത്തെ അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ. ഇ പി ജയരാജൻ്റെ പരാതി അന്വേഷിക്കാൻ സിപിഐഎം അന്വേഷണ കമ്മീഷനെ വെച്ചതിന് പിന്നാലെയാണ് പി ജയരാജൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും നേരിൽ കണ്ട് വിശദീകരണം നൽകിയത്.

ദുബൈയിലെ പ്രവാസി സംഘടന നേതാവ് ആവശ്യപ്പെട്ട പ്രകാരം ഒരു വിഷയം പരിഹരിക്കാൻ ഇരുന്നപ്പോഴുള്ള ചിത്രമാണ് പുറത്ത് വന്നതെന്ന് പി ജയരാജൻ വിശദീകരിച്ചു. 2023 നവംബറിലെ ചിത്രം ഉപയോഗിച്ച് 2026 ലേതെന്ന പേരിൽ പ്രചാരണം നടത്തുന്നുവെന്നും പി ജയരാജൻ നേതാക്കളെ അറിയിച്ചു. എന്നാൽ അന്വേഷണ കമ്മീഷന് മുന്നിൽ കാര്യങ്ങൾ ബോധിപ്പിക്കാനായിരുന്നു നേതാക്കളുടെ മറുപടി.
ഇതിനിടെ ദുബൈയിലെ ചർച്ചയ്ക്ക് മുൻകൈ എടുത്ത പ്രവാസി സംഘടന നേതാവ് എൻ കെ കുഞ്ഞമ്മദിനെ അന്വേഷണ കമ്മീഷന് കേൾക്കണമെന്ന് പി ജയരാജൻ ആവശ്യപ്പെടും.

നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന് എതിരെ പി ജയരാജൻ ഉന്നയിച്ച പരാതിയിൽ പാർട്ടിതല അന്വേഷണം നടത്താൻ സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. വെെദേകം റിസോർട്ടുമായി ബന്ധപ്പെട്ടായിരുന്നു പി ജയരാജൻ്റെ പരാതി. കെ എൻ ബാലഗോപാൽ, ടിപി രാമകൃഷ്ണൻ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനെയാണ് സിപിഐഎം അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. 2022ലാണ് പി ജയരാജൻ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ പാർട്ടി ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിൽ 2025ൽ സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ആവശ്യമുന്നയിച്ചതോടെയാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *