കൊച്ചി: തിരുവല്ല ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർണായക നീക്കവുമായി സർക്കാർ. അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറാൻ രാഹുൽ ബാധ്യസ്ഥനാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകളാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ ഫോണുകൾ അൺലോക്ക് ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ പാസ്കോഡ് നൽകാൻ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് രാഹുലിന്റെ വാദം. ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും അവ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ച ഹൈക്കോടതി, ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. പാസ്കോഡ് നൽകാൻ പ്രതിയെ നിർബന്ധിക്കാമോ എന്നതാണ് ഇനി പ്രധാന ചോദ്യം. സ്വയം കുറ്റാരോപണത്തിനെതിരെയുള്ള അവകാശവും അന്വേഷണത്തിന്റെ ആവശ്യകതയും തമ്മിലുള്ള നിയമപരമായ തർക്കമാണ് കോടതിക്ക് മുന്നിലുള്ളത്. അമിക്കസ് ക്യൂറിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും കോടതി തുടർനടപടികൾ സ്വീകരിക്കുക. ഈ വിഷയത്തിൽ ഹൈക്കോടതി എടുക്കുന്ന തീരുമാനം സമാനമായ കേസുകളിലും നിർണായകമായേക്കും. അതുകൊണ്ടുതന്നെ കോടതി വിധിക്കായി കാത്തിരിക്കുകയാണ് എല്ലാവരും.
