സൗദി അറേബ്യയിലെ തൊഴിലിടങ്ങളിൽ നഴ്സറികൾ വരുന്നു

റിയാദ്: ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളുടെ സുരക്ഷയെയും പരിചരണത്തെയും കുറിച്ച് ഓർത്ത് ഇനി സൗദി അറേബ്യയിലെ ജീവനക്കാർക്ക് മനസ്താപം വേണ്ട. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രമുഖ തൊഴിലിടങ്ങളിൽ കിന്റർഗാർട്ടനുകളും നഴ്സറികളും സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതിക്ക് രാജ്യം തുടക്കമിട്ടു. ഔദ്യോഗിക ജീവിതവും കുടുംബ ഉത്തരവാദിത്തങ്ങളും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാൻ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനൊപ്പം, ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.

കുട്ടികൾ തൊഴിലിടത്തിന് സമീപം സുരക്ഷിതരാണെന്ന ഉറപ്പ് മാതാപിതാക്കളുടെ മാനസിക സമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത് ജീവനക്കാരുടെ ജോലിയിലെ ശ്രദ്ധയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കും. യോഗ്യരായ ജീവനക്കാരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് സുരക്ഷിതവും വിജ്ഞാനപ്രദവുമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കുട്ടികളുടെ പരിചരണത്തിനായി ജീവനക്കാർ ജോലി ഉപേക്ഷിക്കുന്ന പ്രവണത ഇല്ലാതാക്കാനും അനാവശ്യമായ അവധികൾ കുറയ്ക്കാനും പുതിയ സംവിധാനം വഴിയൊരുക്കും. നഴ്സറികളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കർശനമായ മാനദണ്ഡങ്ങളാണ് മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *