ഡൽഹി : മുൻ കെ.പി.സി.സി. അധ്യക്ഷൻമാരെയും വർക്കിങ് പ്രസിഡന്റുമാരെയും വിളിച്ചുവരുത്തി ഡൽഹിയിൽ നടത്തിയ ചർച്ചയിലൂടെ, മുഖ്യമന്ത്രി തീരുമാനത്തിന് പൊതുസ്വീകാര്യത നേടാൻ കളമൊരുക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേരളത്തിലെ യഥാർഥരാഷ്ട്രീയ സാഹചര്യവും കാര്യങ്ങൾ സുഗമമാക്കാൻ എന്തുചെയ്യണം എന്നുമാണ് രാഹുൽ ചോദിച്ചത്. മുഖ്യമന്ത്രിപദത്തിലേക്ക് ആരെ നിർദേശിക്കുന്നുവെന്ന് നേതാക്കളോടു ചോദിച്ചില്ല. ഓരോരുത്തരോടും നേരിട്ട് നടത്തിയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിപദത്തിലേക്ക് ആരാണ് അനുയോജ്യൻ എന്ന കാഴ്ചപ്പാട് നേതാക്കൾ വിശദീകരിച്ചു. അതിനുള്ള കാരണങ്ങളും രാഹുൽ ചോദിച്ചറിഞ്ഞു.
ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് എല്ലാവരും ചർച്ചയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് കേരളത്തിൽ അസാധാരണ സാഹചര്യം ഉയർന്നതിനെപ്പറ്റിയും നേതാക്കളുടെ പേരിൽ ചേരിതിരിഞ്ഞ് പ്രചാരണം നടത്തുന്നതിനെപ്പറ്റിയും അദ്ദേഹം ചോദിച്ചു. ഫ്ളെക്സുകൾ ഉയർത്തിയും പ്രതിഷേധ പ്രകടനത്തിലുടെയും സമ്മർദംചെലുത്താൻ ശ്രമിച്ചതിലെ നീരസം മറച്ചുവെച്ചില്ല. ഇത് സാമൂഹികമാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട പ്രചാരണം മാത്രമാണോ അതല്ല പ്രത്യേക കാരണങ്ങളുണ്ടോയെന്നും അന്വേഷിച്ചു. ഇത്തരം സാഹചര്യം നേരിടാൻ പാർട്ടിക്ക് കഴിയുമോ എന്നും രാഹുൽ ചോദിച്ചറിഞ്ഞു . ഈ പ്രശ്നങ്ങൾ പാർട്ടിയുടെ നിയന്ത്രണത്തിൽ നിൽക്കുന്നതാണെന്ന് നേതാക്കൾ പറഞ്ഞതായാണ് സൂചന.
