തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. 2001ൽ പറവൂരിൽ നിന്ന് നിയമസഭാംഗമായ ആളാണ് വി.ഡി സതീശൻ.
ആദ്യം തോൽപ്പിച്ച പരവൂറുകാർ പിന്നീടിങ്ങോട്ടുളള കാൽ നൂറ്റാണ്ടു കാലം ചേർത്ത് പിടിച്ചത് വി.ഡി സതീശൻ കൈവരിച്ച ജനകീയതയുടെ അടയാളമാണ്.
മുഖ്യമന്ത്രിയായി തന്നെ തെരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും വി. ഡി സതീശന്‍ നന്ദി അറിയിച്ചു. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി. ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ. സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു പ്രതികരണം. എഐസിസിസിക്കും രാഹുല്‍ ഗാന്ധിക്കും അദ്ദേഹം നന്ദി പറഞ്ഞു. ചെന്നിത്തലയും കെ.സിയും തനിക്ക് ഏറെ പ്രിയപ്പെട്ട നേതാക്കളാണെന്നും പുതുകേരളം കെട്ടിപ്പടുക്കാന്‍ ടീം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്. ജനം ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇത്. ജനങ്ങളോട് പറഞ്ഞതെല്ലാം ഓരോന്നായി നടത്തും. പുതുയുഗ സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യുമെന്നും പൊതു പ്രവർത്തനത്തിന്റേയും രാഷ്ട്രീയ പ്രവർത്തനത്തിന്റേയും നിർവചനം മാറ്റി എഴുതുമെന്നും വി. ഡി സതീശൻ പ്രതികരിച്ചു. കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചത് കെ.സി വേണുഗോപാലാണ്. എന്റെ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
