സിനിമ മേഖലയുടെ പുരോ​ഗതി; മുഖ്യമന്ത്രി വിജയിയുടെ ഇടപെടൽ തേടി കമൽഹാസൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ സന്ദര്‍ശിച്ച് കമൽഹാസൻ. വിജയിക്ക് ആശംസകൾ അറിയിച്ച താരം അദ്ദേഹത്തിന് ഒരു പുസ്തകവും സമ്മാനിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും കമൽഹാസൻ എക്സിൽ പങ്കുവച്ചു. “ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിയും സഹോദരനുമായ വിജയിയെ ഇന്ന് നേരിൽ കണ്ട് ആശംസകൾ അറിയിച്ചു. തമിഴ്‌നാടിന്‍റെ വികസനത്തിനായുള്ള തന്‍റെ വലിയ സ്വപ്നങ്ങളെക്കുറിച്ച് അദ്ദേഹം വളരെ ആവേശത്തോടെ സംസാരിച്ചു. കൂടിക്കാഴ്ചയിലുടനീളം അദ്ദേഹം കാണിച്ച എളിമയും സ്നേഹവും എന്നെ ഏറെ അതിശയിപ്പിച്ചു.നിലവിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തമിഴ് ചലച്ചിത്ര വ്യവസായത്തിന് തമിഴ്‌നാട് സർക്കാരിന്‍റെ പൂർണ പിന്തുണയും കരുതലും ആവശ്യമാണെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. സിനിമ മേഖലയുടെ പുരോഗതിക്കായുള്ള 6 പ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനവും അദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. നന്മകൾ പുലരട്ടെ.” കമൽ എക്സിൽ കുറിച്ചു.

നേരത്തെ 717 മദ്യശാലകൾ അടച്ചുപൂട്ടാനുള്ള മുഖ്യമന്ത്രി വിജയിയുടെ തീരുമാനത്തെയും കമൽഹാസൻ അഭിനന്ദിച്ചിരുന്നു. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിജയ് ഇപ്പോൾ വെറുമൊരു സിനിമാതാരം മാത്രമല്ലെന്നും അദ്ദേഹത്തിന് മറ്റ് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും കമൽ കൂട്ടിച്ചേർത്തു. വിജയിയുടെ വിജയം തെളിയിക്കുന്നത് ഏത് മേഖലയിൽ നിന്നുമുള്ള ആർക്കും രാഷ്ട്രീയത്തിൽ ചേരാമെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“വിജയിയെ ഒരു സിനിമാതാരമായി മാത്രം കാണരുത്. അദ്ദേഹത്തിന് മറ്റ് ഉത്തരവാദിത്തങ്ങളുമുണ്ട്. ഏത് മേഖലയിൽ നിന്നും ആർക്കും രാഷ്ട്രീയത്തിലേക്ക് വരാം. വിജയ് നമ്മുടെ വ്യവസായത്തിൽ നിന്ന് അധികാരത്തിലെത്തിയത് അഭിമാനകരമാണ്,” അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കമൽ വിജയിന് ആശംസകൾ നേര്‍ന്നിരുന്നു. “തമിഴ്നാട് വിക്ടറി ലീഗിന്‍റെ പ്രസിഡന്‍റ്, ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി, എന്‍റെ സഹോദരൻ തിരു എന്നിവരുടെ നേതൃത്വത്തിൽ തമിഴ്‌നാട് സംസ്ഥാനം തിളങ്ങട്ടെ. അത് പുതിയ ഉയരങ്ങളിലെത്തട്ടെ. എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു,” എന്നാണ് അദ്ദേഹം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *