പുതിയ കാറുകള്‍ വാങ്ങില്ല; യുഡിഎഫ് മന്ത്രിമാര്‍ക്ക് പഴയ കാര്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് പുതിയ കാറില്ല. വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍ ആകും മുഖ്യമന്ത്രി ഉപയോഗിക്കുക. മറ്റു മന്ത്രിമാരും പഴയ കാർ ഉപയോഗിക്കും.

പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന തീരുമാനം കൂടി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ കൈക്കൊണ്ടിരുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. മാത്രമല്ല, മന്ത്രി മന്ദിരങ്ങളിലും കൂടുതല്‍ പണം ചിലവഴിച്ചു മോടി പിടിപ്പിക്കില്ല. എസ്‌കോര്‍ട്ടും വേണ്ടെന്ന നിലപാടും വി ഡി സതീശന്‍ സ്വീകരിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല.

കൊച്ചിയിലെ ഇന്ദിരാ കാന്റീന്‍ മാതൃകയില്‍ സംസ്ഥാനത്താകെ ജനകീയ ഭക്ഷണശാലകള്‍ സ്ഥാപിക്കുന്ന പ്രഖ്യാപനവും ഉണ്ടായേക്കും.
ഇന്ധന വില വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കാന്‍ നടപടി പ്രഖ്യാപിച്ചേക്കും. അധിക നികുതി വരുമാനത്തില്‍ ഒരു ഭാഗം വേണ്ടെന്നു വെക്കാന്‍ സാധ്യത. അഴിമതി നേരിടാന്‍ വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കും. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്ന തീരുമാനവും ആദ്യ മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും.ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകളുടെ സൗജന്യ യാത്രയിലും പ്രഖ്യാപനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *