ആലപ്പുഴ: മുസ്ലിം ലീഗിനെ വിമർശിച്ചതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരന്‍ രംഗത്ത്. വെള്ളാപ്പള്ളി നേരത്തെ മുതല്‍ തന്നെ മുസ്‌ലിം വിരുദ്ധത പറയുന്നുവെന്നും എന്നാൽ ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്നും ജി. സുധാകരന്‍ വ്യകതമാക്കി. ഇന്നലെ വരെ എല്‍ഡിഎഫ് അധികാരത്തിൽ വരുമെന്ന് പറഞ്ഞയാളാണ് വെള്ളാപ്പള്ളിയെന്നും നാളെ അദ്ദേഹം എന്തുപറയും എന്ന് ആര്‍ക്കറിയാമെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ‘വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കണ്ടത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ്. ഭൂരിപക്ഷം മുസ്ലിം വോട്ടുകളും തനിക്കാണ് കിട്ടിയത്. മുസ്ലിം ജനതക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലിങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കി.
നേരത്തെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ജി.സുധാകരൻ അദ്ദേഹത്തെ കണ്ടിരുന്നു. തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സന്ദർശനം. ജി. സുധാകരൻ ജനകീയനായ നേതാവാണെന്നും ഭരണത്തിൽ മിടുക്കനാണെന്നും സത്യസന്ധനായ മന്ത്രിയാണെന്ന് തെളിയിച്ചയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
