തിരുവനന്തപുരം: തിരുവനന്തപുരം പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ സുജിത്ത് ആണ് അപകടത്തിൽപ്പെട്ടത്. മിലിട്ടറി ക്യാമ്പിലെ ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നിവരോടൊപ്പം കരമനയാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. തുടർന്ന് ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു.
മറ്റുള്ളവർ നീന്തി കരയിലെത്തിയെങ്കിലും സുജിത്തിന് നീന്തി കരയിലെത്താൻ സാധിച്ചില്ല. സ്കൂബാ ടീം സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇവിടെ ശക്തമായ അടിയൊഴുക്കുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. മുൻപും നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത് എന്നാണ് നാട്ടുകാർ പറയുന്നത്.
