കോൺഗ്രസ് ഓഫീസിൽ കള്ളന്മാ‍ർ കയറി 72 ടാപ്പുകൾ മോഷ്ടിച്ചു

റായ്പുർ: അംബികാപുരിലെ ഗാന്ധി ചൗക്ക് മേഖലയിലെ കോൺ​ഗ്രസ് ഓഫീസായ രാജീവ് ഭവനിൽനിന്ന് 72 ടാപ്പുകൾ കള്ളന്മാ‍ർ മോഷ്ടിച്ചു. ഒരുലക്ഷം രൂപ വിലവരുന്ന ടാപ്പുകളാണ് മോഷണം പോയത്. മാത്രമല്ല, ഇത് മൂന്നാം തവണയാണ് രാജീവ് ഭവനിൽ കള്ളന്മാ‍ർ കയറുന്നത്. മോഷ്ടാക്കൾ തറയിൽ ‘ഐ ലവ് യു’ എന്ന് എഴുതിയിട്ടുണ്ട്. രാവിലെ കോൺഗ്രസ് പ്രവർത്തകർ ഓഫീസിലെത്തിയപ്പോഴാണ് ശുചിമുറികളിലെ ടാപ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽപെട്ടത്.

ന​ഗരത്തിലെ വിഐപി മേഖലയായി കണക്കാക്കുന്ന സ്ഥലത്തെ കെട്ടിടത്തിലാണ് മോഷണം. ശുചിമുറിയിൽ ഉണ്ടായിരുന്ന വില കൂടിയ ടാപ്പുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സ്ഥലം സന്ദർശിച്ച കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണ പഥക്ക്, സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധർക്കും മയക്കുമരുന്നിന് അടിമപ്പെട്ടവർക്കും പങ്കുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചു.

പൊലീസിനെയും ഭരണകൂടത്തെയും പരിഹസിക്കുന്ന തരത്തിലാണ് മോഷ്ടാക്കൾ നിലത്ത് എഴുതിവെച്ചതെന്ന് ബാലകൃഷ്ണ പഥക്ക് പറഞ്ഞു. സംഭവത്തിൽ നേതാക്കൾ നൽകിയ പരാതിയെ തുടർന്ന് കോട്‍വാലി പൊലീസ് കേസെടുത്തു. സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *