ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: എബോള വ്യാപനത്തിൽ കുറഞ്ഞത് 131 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ. ഡി.ആർ. ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചുവെന്ന് വ്യക്തമാക്കി ബി.ബി.സി. ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൂടുതൽ കേസുകൾ സംശയിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ യുഗാണ്ടയിൽ രണ്ട് എബോള കേസുകൾ സ്ഥിരീകരിക്കുകയും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി.
ഡി.ആർ. കോംഗോയിലെ വ്യാപനത്തിൽ കുറഞ്ഞത് ആറ് അമേരിക്കക്കാർക്ക് എബോള വൈറസ് ബാധിച്ചതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യു.എസിലേക്കുള്ള അപകടസാധ്യത താരതമ്യേന കുറവാണെന്നും എന്നാൽ, രോഗം രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽനിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുക,കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ യുഗാണ്ട, ഡി.ആർ. കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന യുഎസ് ഇതര പാസ്പോർട്ട് ഉടമകൾക്ക് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവ കർക്കശമാക്കിയിട്ടുണ്ട്. അതിനിടെ ഡി.ആർ. കോംഗോയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യുഎസ് ഏറ്റവും ഗുരുതരമായ ലെവൽ 4 യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന, ഡി.ആർ. കോംഗോയിലെയും യുഗാണ്ടയിലെയും എബോള വ്യാപനത്തേത്തുടർന്ന് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇട്ടൂരി പ്രവിശ്യയിലെ ന്യാക്യുൻഡെ, നോർത്ത് കിവുലെയിലെ ബുട്ടെംബോ, ഗോമ നഗരം എന്നിവയുൾപ്പെടെ പുതിയ പ്രദേശങ്ങളിൽ കൂടുതൽ കേസുകൾ സ്ഥിരീകരിക്കുന്നത് ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതുവരെ തിരിച്ചറിഞ്ഞതും റിപ്പോർട്ട് ചെയ്യപ്പെട്ടതുമായ വ്യാപനത്തേക്കാൾ വലുതായി കോംഗോയിലെ എബോള വ്യാപനം മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
