ന്യൂഡൽഹി: രാജ്യത്ത് അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇ100 ഫ്ളെക്സ് ഇന്ധനത്തിന്റെ ലഭ്യത വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഉടനീളം ഇ100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഈ 5000 പമ്പുകളിലെ ആദ്യ ബാച്ചായി കണക്കാക്കുന്ന 150 പമ്പുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ സ്ഥാപിക്കുമെന്നും സൂചനയുണ്ട്. ഡൽഹി, മുംബൈ, പുണെ, നാഗ്പുർ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഇ100 പമ്പുകൾ സ്ഥാപിക്കുന്നത്. ആറ് മാസം മുതൽ ഒരു വർഷത്തിനിടെ ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും ഇ100 ഇന്ധന ലഭ്യത ഉറപ്പാക്കുമെന്നുമാണ് റിപ്പോർട്ട്.
ഇന്ത്യയിലെ മുൻനിര കാർ, ഇരുചക്ര വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട, മഹീന്ദ്ര, ഹീറോസുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, ടിവിഎസ് തുടങ്ങിയ കമ്പനികളെല്ലാം ഫ്ളെക്സ് ഫ്യൂവൽ വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾ ഒരുക്കിയിട്ടുണ്ട്. ഇന്ധനമായി ഉപയോഗിക്കുന്നതിന് പകരം പെട്രോളിനൊപ്പം നിശ്ചിത അനുപാതത്തിൽ എഥനോൾ അല്ലെങ്കിൽ മെഥനോൾ ചേർത്തുണ്ടാക്കുന്ന ഇന്ധനമാണ് ഫ്ളെക്സ് ഫ്യുവൽ. ഇത്തരം വാഹനങ്ങൾ എത്തുന്നതോടെ രാജ്യത്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ 10.9 ലക്ഷം കോടി രൂപയാണ് ഇന്ധന ഇറക്കുമതിക്കായി ചിലവഴിച്ചത്.
