സിജെപിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി സിജെപി വളർന്നു വരുമോ എന്ന ആശങ്കയാണ് ബിജെപിക്കെന്നും എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം പെട്ടെന്നുള്ള പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

അഭിജീത് ദിപ്‌കെ എന്ന യുവാവ് സ്ഥാപിച്ച ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയാണ് കോക്രോച്ച് ജനതാ പാർട്ടി. സാമൂഹികമാധ്യമങ്ങളിൽ ഭരണകക്ഷിയായ ബിജെപിയേക്കാൾ കൂടുതൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയതോടെ സിജെപിയുടെ എക്‌സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടിരുന്നു. പിന്നാലെ അഭിജീതിന്റെ പേഴ്‌സണൽ അക്കൗണ്ടും മരവിപ്പിക്കപ്പെട്ടു.

ഇതോടെയാണ് കോക്രോച്ച് പാർട്ടിയെന്ന ഒരു സാമൂഹികമാധ്യമ കൂട്ടായ്മയെപ്പോലും ബിജെപി ഭയക്കുന്നു എന്ന തരത്തിൽ പരിഹാസം ഉയർന്നത്. പിന്നാലെ സിജെപിക്ക് പിന്തുണയുമായി പല പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും മുന്നോട്ട് വരികയും ചെയ്തു. കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ അപലപിച്ചുകൊണ്ടാണ് ഇപ്പോൾ പിണറായി വിജയനും അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *