കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള രണ്ട് കുട്ടികൾക്കാണ് ഷിഖല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് പെരുമണ്ണ ഹെൽത്ത് സെൻററിൽ പ്രവേശിച്ചിരുന്ന ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രോഗം കണ്ടെത്തിയ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജതമായി നടക്കുന്നുണ്ട്. പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. മുൻപും ഇതിന് സമാനമായ വിധത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിലെ പൂവാട്ടുപറമ്പിലും നിരവധി പേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു . ഇവിടെ ഷിഗെല്ല ബാധിച്ച് ഒരു കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
