എറണാകുളം: മുഖ്യമന്ത്രി വിഡി സതീശന് സ്വീകരണം നൽകി കൊച്ചി പൗരാവലി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണ്. യഥാർത്ഥത്തിൽ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്നും മമ്മൂട്ടി പറഞ്ഞു. വിഡി സതീശനെ മമ്മൂട്ടി പൊന്നാട അണിയിക്കുകയും ചെയ്തു. കൊച്ചിക്കാരോടൊപ്പം മലയാളികളോടൊപ്പം താനും സന്തോഷിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണം ആകട്ടേയെന്ന് കുഞ്ചാക്കോ ബോബൻ ആശംസിക്കുകയും ചെയ്തു. വിജയം സമ്മാനിച്ചവർക്ക് നന്ദിയുണ്ടെന്നും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും അഭിപ്രായം പറഞ്ഞശേഷം തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്ന് പാലക്കാട് എംഎൽഎ രമേശ് പിഷാരടിയും കൂട്ടിച്ചേർത്തു.
ഇത് ദൈവീകമായ നിയോഗമാണ്. മാറ്റം ഉണ്ടാക്കാൻ കഴിയും. ഞാൻ വിശ്വസിക്കുന്നു. ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ടീം ആയി മുന്നോട്ട് പോകണം. കേരളത്തിൻറെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്. സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം നടക്കും. ബഹുനില കെട്ടിടങ്ങൾ വരിക എന്നുള്ളതല്ല വികസനം. ജനങ്ങളുടെ ജീവിത നിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകണം. കേരളം സെക്കുലർ ആയി നിലനിൽക്കണം. അതിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സിനിമ രംഗത്ത് ഈ സർക്കാർ ഒരു കയ്യൊപ്പിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
