തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചു എന്നാണ് ചിലർ കരുതുന്നുവെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ മതിമറന്നുള്ള സന്തോഷത്തിൽ കാര്യമില്ലെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തുകൊണ്ട് ജനം മാറ്റിനിർത്തി എന്ന കാര്യം എല്ലാവരും വിശദമായി പരിശോധിച്ച് വരികയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. പരാജയം അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നുണ്ട്. മതിമറന്ന് ആഘോഷം വലതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നു. അങ്ങനെ സന്തോഷിക്കേണ്ട കാര്യമില്ല. ഇത്തരം സന്ദർഭങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. സംഭവിച്ചത് എന്താണെന്ന് കേരളത്തിന് ബോധ്യമുണ്ട്. ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ. എന്തുകൊണ്ട് ജനം മാറ്റിനിർത്തി എന്ന കാര്യം എല്ലാവരും വിശദമായി പരിശോധിച്ച് വരികയാണ്. തങ്ങൾക്കുണ്ടായ കുറവുകൾ കൃത്യമായി കണ്ടെത്തുകയും അതിന്റെ ഭാഗമായി തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിൽ കണ്ടിട്ടുള്ളത്. അത് ജനങ്ങളുടെ കൂടെ നിന്നുകൊണ്ടായിരിക്കും. ജനങ്ങളുടെ ഒപ്പമാണ് എന്നുമുള്ളത്. എൽഡിഎഫ് ശക്തമായി തിരിച്ചുവരും. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം പിൻതാങ്ങുമെന്നും മറിച്ചാണെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
