കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ വിസ മാറ്റത്തിൽ ലഭിച്ചത് 11,654 അപേക്ഷകൾ. നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് മറ്റ് മേഖലകളിലേക്ക് തൊഴിൽ വിസ മാറ്റുന്നതിനായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുൻപാകെയാണ് 11,654 അപേക്ഷകൾ ലഭിച്ചത്. ഈ വർഷം മെയ് 23 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. എന്നാൽ, വിസ മാറ്റത്തിന് നിലവിലുള്ള തൊഴിലുടമയുടെ അനുമതി ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണെന്നും നിയമങ്ങൾ മറികടന്നുകൊണ്ടുള്ള യാതൊരുവിധ ലേബർ പരാതികളും ഇളവുകൾക്കായി സ്വീകരിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിനും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.
പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ചെറുകിട വ്യവസായ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിസ മാറ്റ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. ആകെ ലഭിച്ച അപേക്ഷകളുടെ 60.2 ശതമാനം, അതായത് 7,016 അപേക്ഷകളും ഈ മേഖലയിൽ നിന്നാണ്. ഇതിന് പിന്നാലെ 2,160 അപേക്ഷകളുമായി (18.5 ശതമാനം) കാർഷിക മേഖലയാണ് രണ്ടാം സ്ഥാനത്തുള്ളത്. വ്യവസായ മേഖലയിൽ നിന്ന് 1,293 അപേക്ഷകളും (11.1 ശതമാനം) കന്നുകാലി വളർത്തൽ മേഖലയിൽ നിന്ന് 1,057 അപേക്ഷകളും (9.1 ശതമാനം) അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖലയിൽ നിന്ന് ലഭിച്ചത് വെറും 128 അപേക്ഷകൾ (1.1 ശതമാനം) മാത്രമാണ്.
വരും ദിവസങ്ങളിലും അപേക്ഷകൾ സ്വീകരിക്കുന്നത് തുടരുമെന്നതിനാൽ ജൂൺ മാസം അവസാനത്തോടെ ഈ എണ്ണം ഇനിയും ഉയരുമെന്ന് അതോറിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു. അംഗീകൃത നിബന്ധനകൾ പാലിക്കാത്തതും, പ്രത്യേകിച്ച് തൊഴിലുടമയുടെ വ്യക്തമായ സമ്മതമില്ലാത്തതുമായ അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ വിസ മാറ്റ അനുമതി താത്കാലികം മാത്രമാണെന്നും നിലവിലുള്ള തൊഴിൽ നിയമങ്ങൾക്ക് വിധേയമായി മാത്രമേ അപേക്ഷകൾ പരിഗണിക്കുകയുള്ളൂ എന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
