ബംഗാൾ: ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നു പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 128 നഗരസഭകളിൽ ഭൂരിഭാഗവും ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനു കനത്ത തിരിച്ചടി. അന്വേഷണം ഭയന്ന് തൃണമൂലിന്റെ നിരവധി കൗൺസിലർമാർ രാജിവച്ചു. ചെയർപഴ്സൻമാരടക്കം നിരവധി ഭാരവാഹികൾ ഓഫിസുകളിൽ പോകാതായതോടെ ജനങ്ങൾക്കു നൽകിവരുന്ന സേവനങ്ങൾ പ്രതിസന്ധിയിലായി. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം ജില്ലാ തലത്തിലുള്ളവർപോലും നഗരസഭാ പ്രവർത്തനങ്ങളെക്കുറിച്ചു നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. തൃണമൂൽ ചെയർപഴ്സൻ മമത ബാനർജി കൊൽക്കത്ത കോർപറേഷൻ കൗൺസിലർമാരെ വെള്ളിയാഴ്ച കണ്ടെങ്കിലും മറ്റ് നഗരസഭകളിലെ അംഗങ്ങൾക്കായി യോഗം ചേർന്നിട്ടില്ല. അതേസമയം, നഗരസഭകളുടെ പ്രവർത്തനത്തെക്കുറിച്ച് പാർട്ടിക്ക് വ്യക്തമായ വിവരമില്ലെന്ന് തൃണമൂൽ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ‘‘സ്ഥിതി പൂർണമായും മാറി. തോൽവിക്കുശേഷം പല കൗൺസിലർമാർക്കും മനോവീര്യം നഷ്ടപ്പെട്ടു. അഴിമതിയിൽ പങ്കാളികളായ പലരും ബിജെപി സർക്കാരിന്റെ അന്വേഷണത്തെ ഭയക്കുന്നുവെന്നാണ് റിപ്പോർട്ട്.
തൃണമൂലിന് കനത്ത തിരിച്ചടി
