വാഷിംഗ്ടണ്‍: ഗാസയില്‍ പുതിയ സമാധാന കരാര്‍ ആയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബോര്‍ഡ് ഓഫ് പീസിന്റെ നേതൃത്വത്തില്‍ ചരിത്രപരമായ കരാറായെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഹമാസ് ഉള്‍പ്പെടെയുള്ള സായുധ ഗ്രൂപ്പുകളെ നിരായൂധീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
‘ട്രംപ്-20 പോയിന്റ് പ്ലാന്‍’ നടപ്പിലാക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ല് എന്ന നിലയിലാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരാര്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും നിരായുധീകരണ നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്‍വാങ്ങുമെന്നും ട്രംപ് പറയുന്നു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ പലസ്തീന് പൊലീസിനൊപ്പം അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ സേന പ്രവര്‍ത്തിക്കുമെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. മധ്യസ്ഥരായ ഈജിപ്തിനും ഖത്തറിനും തുര്‍ക്കിക്കും ട്രംപ് നന്ദി പറയുന്നുണ്ട്.
പലസ്തീന് ജനതയെ സഹായിക്കുന്നതിനായി സമാധാന ബോര്‍ഡുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന പുതിയ പലസ്തീന് ഗവണ്മെന്റ് ഗാസയെ നയിക്കുന്നതിനുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പ് ആണ് ഈ കരാര്‍ എന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം തന്നെ ഇസ്രയേലിന് അര്‍ഹമായ സുരക്ഷിതത്വം ലഭിക്കുമെന്നും ട്രംപ് പറയുന്നുണ്ട്.
മധ്യസ്ഥ രാജ്യങ്ങളുമായി ഹമാസ് സംസാരിച്ചുവെന്നും കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചുവെന്നുമാണ് വിവരം. അങ്ങനെയെങ്കില്‍ ഗാസയില്‍ നിരായുധീകരണം നിലവില്‍ വരും. തങ്ങളുടെ ആയുധങ്ങള്‍ അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ സേനയക്ക് കൈമാറുകയും പ്രത്യേക മേഖലകള്‍ കണ്ടെത്തി അവയെ സൈനികവിമുക്തമാക്കുകയും ചെയ്യും. പലസ്തീന് പൊലീസ് സേനയെ പരിശീലിപ്പിക്കുന്നതടക്കം മൂന്ന് തലത്തിലായിരിക്കും അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ ഫോഴ്സ് പ്രവര്‍ത്തിക്കുക.
