ന്യൂഡൽഹി: തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ആരോപിക്കപ്പെട്ട 18 വർഷം പഴക്കമുള്ള കേസിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി ഡൽഹി ഹൈക്കോടതി. ഒരു വ്യക്തിയുടെ പേരല്ല, മറിച്ച് അവരുടെ പ്രവൃത്തികളും പെരുമാറ്റവുമാണ് വ്യക്തിത്വത്തെ നിർണയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് വിമൽ കുമാർ യാദവ് വിധി പ്രസ്താവിച്ചത്.
2007-ലെ കേസിൽ പ്രതിയായ റാം ചന്ദറിനെ സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള 15 പേജുള്ള വിധിയുടെ തുടക്കത്തിൽ തന്നെ വില്യം ഷേക്സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റ് നാടകത്തിലെ പ്രശസ്തമായ “What’s in a name?” എന്ന വരിയാണ് കോടതി ഉദ്ധരിച്ചത്. “റോസാപ്പൂവിനെ ഏത് പേര് വിളിച്ചാലും അതിന് ഒരേ സുഗന്ധമായിരിക്കും” എന്ന ആശയം വിശദീകരിച്ചുകൊണ്ടാണ് പേരിനേക്കാൾ പ്രവൃത്തിക്കാണ് പ്രാധാന്യമെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
വിധിയിൽ ഭഗവദ്ഗീതയിലെ കർമയോഗം, സന്യാസകവി കബീർദാസിന്റെ രചനകൾ, രാമായണം, വിവിധ മതങ്ങളിലെ പേരിടൽ പാരമ്പര്യങ്ങൾ എന്നിവയും പരാമർശിച്ചിട്ടുണ്ട്. പേരുകൾ മഹത്തായതാകാം, എന്നാൽ ആ പേരിന്റെ മഹത്വം നിലനിർത്തേണ്ടത് വ്യക്തിയുടെ പ്രവൃത്തികളാണെന്നും കോടതി വ്യക്തമാക്കി.
“പേരുകൾ മാത്രം വ്യക്തിത്വം നിർണയിക്കുന്നതായിരുന്നെങ്കിൽ ഇന്ത്യയിലെ എല്ലാ രാമചന്ദ്രന്മാരും ‘മര്യാദാപുരുഷോത്തമന്മാർ’ ആയേനേ,” എന്നും കോടതി നിരീക്ഷിച്ചു. കുട്ടികൾ ആ പേരുകളുടെ സദ്ഗുണങ്ങൾ പിന്തുടരണമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ രാമൻ, മുഹമ്മദ് തുടങ്ങിയ പേരുകൾ നൽകുന്നതെന്നും വിധിയിൽ പറയുന്നു.
18 വർഷം പഴക്കമുള്ള കേസ്
13 വയസ്സുള്ള മകളെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയെത്തുടർന്നാണ് റാം ചന്ദർ അറസ്റ്റിലായത്. അഞ്ച് ദിവസത്തിന് ശേഷം പെൺകുട്ടിയെ റാം ചന്ദറിനൊപ്പം കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴി, വൈദ്യപരിശോധന, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ബലാത്സംഗക്കുറ്റവും ചുമത്തി.
2008-ൽ വിചാരണക്കോടതി റാം ചന്ദറിനെ കുറ്റക്കാരനായി കണ്ടെത്തി. ബലാത്സംഗത്തിന് ഏഴ് വർഷം കഠിനതടവും തട്ടിക്കൊണ്ടുപോകലിന് ഒരു വർഷം തടവും ശിക്ഷ വിധിച്ചു.
ഹൈക്കോടതിയിൽ നിർണായക വഴിത്തിരിവ്
അപ്പീൽ പരിഗണിക്കുമ്പോൾ പെൺകുട്ടി കോടതിയിൽ ഹാജരായി, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് റാം ചന്ദറിനൊപ്പം പോയതെന്നും അദ്ദേഹത്തിനെതിരെ നടപടി വേണ്ടെന്നും മൊഴി നൽകി. നവരാത്രി ആഘോഷത്തിനിടെ ഇരുവരും തിരക്കേറിയ കൽക്കാജി ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നും അവിടെ പെൺകുട്ടി യാതൊരു പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, അസ്ഥി പരിശോധനയിൽ പെൺകുട്ടിയുടെ പ്രായം ഏകദേശം 18.4 വയസാണെന്ന് കണ്ടെത്തി. ബലാത്സംഗം തെളിയിക്കാൻ ആവശ്യമായ ഫോറൻസിക് തെളിവുകൾ അപൂർണമാണെന്നും കോടതി വിലയിരുത്തി.
ഇതെല്ലാം പരിഗണിച്ച് സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ഡൽഹി ഹൈക്കോടതി റാം ചന്ദറിനെ കുറ്റവിമുക്തനാക്കിയത്. അതോടൊപ്പം, ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് പേരിന്റെ അടിസ്ഥാനത്തിലല്ല, അദ്ദേഹത്തിന്റെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണെന്ന സന്ദേശവും കോടതി വിധിയിലൂടെ സമൂഹത്തിന് മുന്നിൽ വെച്ചു.
