അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ടുള്ള ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ പൈലറ്റ്‌സ്. അപകടത്തിന് മുമ്പുള്ള അവസാന നിമിഷങ്ങള്‍ പുനഃസൃഷ്ടിച്ച് ഫ്‌ളൈറ്റ് സിമുലേറ്റര്‍ പരിശോധന നടത്തണമെന്നതാണ് പൈലറ്റുമാരുടെ ആവശ്യം. രണ്ട് എഞ്ചിനുകളും പ്രവര്‍ത്തനരഹിതമാകുന്നതിന് മുന്‍പ് കോക്പിറ്റില്‍ ഉണ്ടായ വലിയ വൈദ്യുത തകരാറിനെ കുറിച്ചുള്ള മുന്നറിയിപ്പ് വിവരങ്ങള്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ മനഃപൂര്‍വം ഒഴിവാക്കിയതായി സംഘടന ആരോപിക്കുന്നു.
വൈദ്യുത തകരാര്‍ വിമാനത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് കോക്പിറ്റില്‍ നിരവധി ഓഡിയോ-വിഷ്വല്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ക്ക് കാരണമാകുമായിരുന്നു. ഇവയെല്ലാം കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ ഈ മുന്നറിയിപ്പുകളുടെ ക്രമം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.
വിമാനത്തിന്റെ വാല്‍ഭാഗം കാര്യമായ തകരാറുകള്‍ ഇല്ലാതെ കണ്ടെത്തിയിട്ടും ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡിന് വലിയ കേടുപാടുകള്‍ സംഭവിച്ചു. ഇത് വിമാനത്തിലെ വന്‍ വൈദ്യുത തകരാറിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്നും പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഒഫ് ഇന്ത്യൻ പൈലറ്റ്സ് അവകാശപ്പെടുന്നു. ഫ്‌ളൈറ്റ് ക്രൂ മനഃപൂര്‍വം വിമാനത്തിന്റെ എഞ്ചിനിലേക്കുള്ള ഇന്ധന സപ്ലൈ വിച്ഛേദിച്ചുവെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നുമുള്ള റിപ്പോര്‍ട്ടിനെതിരെയാണ് പൈലറ്റുമാരുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് ഫെഡറേഷന്‍ അധ്യക്ഷനായ ക്യാപ്റ്റന്‍ സി എസ് റണ്‍ധാവ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനപ്പെട്ട സാങ്കേതിക തെളിവുകള്‍ മനപൂര്‍വം ഒഴിവാക്കിയെന്നും ഇന്ത്യയിലെ പ്രമുഖരായ ഏവിയേഷന്‍ വിദഗ്ധരെ മുന്‍കൂട്ടി തയ്യാറാക്കിയ നിഗമനങ്ങളെ സംരക്ഷിക്കാന്‍ കൂട്ട് നിന്നെന്നും ആരോപിച്ചത്.
