DMK യെ ലക്ഷ്യം വെച്ച് BJP; മണ്ഡല പുനർനിർണയവും വനിതാ സംവരണ ബില്ലും വീണ്ടും കൊണ്ടുവരും

ന്യൂഡൽഹി: ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് പാർലമെന്റിൽ പരാജയപ്പെട്ട മണ്ഡല പുനർനിർണയവും വനിതാ സംവരണ ബില്ലും വീണ്ടും കൊണ്ടുവരാനൊരുങ്ങി ബിജെപി. സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകൾക്ക് ആനുപാതികമായി മണ്ഡലങ്ങൾ വർധിപ്പിക്കുന്നതടക്കമുള്ള മാറ്റങ്ങളോടെയാണ് ബിൽ വീണ്ടും പാർലമെന്റിലെത്തിക്കാനൊരുങ്ങുന്നത്. തൃണമൂൽ കോൺഗ്രസ് പിളർന്നതോടെ വിമതരിൽ ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി ഇപ്പോൾ കോൺഗ്രസുമായി അകന്ന ഡിഎംകെയേയും ലക്ഷ്യം വെച്ചിരിക്കുകയാണ്.

ഏപ്രിലിൽ ബിൽ പാർലമെന്റിലെത്തിയപ്പോൾ തൃണമൂലും ഡിഎംകെയും അതിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ 28 എംപിമാരിൽ വിമതർക്കൊപ്പം നിൽക്കുന്ന 20 ഓളം എംപിമാരുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 20 എംപിമാർ എൻഡിഎയെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിമതർ കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചിരുന്നു. എതിർപ്പുകൾ മറി കടക്കാൻ പുതിയ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങൾ എങ്ങനെ പുനർനിർണയിക്കുമെന്നമെന്ന് തീരുമാനിക്കാൻ ഒരു ഡിലിമിറ്റേഷൻ കമ്മിഷനെ വെച്ചേക്കും. ഇതിനായി ഒരു പ്രത്യേക ഡിലിമിറ്റേഷൻ ബിൽ പാസാക്കിയേക്കുമെന്നാണ് വിവരം.

ഒരു സുപ്രീം കോടതി ജഡ്ജിയായിരിക്കും കമ്മിഷന്റെ അധ്യക്ഷനെന്നും സൂചനയുണ്ട്.നിയമസഭാ മണ്ഡലങ്ങളുടെ വിഭജനത്തിന്, നിലവിലെ 2001 ലെ സെൻസസ് അടിസ്ഥാനമാക്കുന്നതിന് പകരം 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയേക്കാം എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം കോൺഗ്രസുമായി അകന്നെങ്കിലും ബിജെപിയുടെ പുതിയ നീക്കങ്ങളോട് ഡിഎംകെ സഹകരിക്കുമോ എന്നത് വ്യക്തമല്ല. കോൺഗ്രസ്-ബിജെപി ഇതര മുന്നണി രൂപീകരിക്കുന്നതിനുള്ള നീക്കത്തിലാണ് സ്റ്റാലിൻ ഇപ്പോഴെന്നാണ് പാർട്ടി പറയുന്നത്.

സമാന ചിന്താഗതിക്കാരായ പ്രാദേശിക പാർട്ടികളുമായി ചേർന്ന് ദേശീയ തലത്തിൽ ബിജെപി വിരുദ്ധ, കോൺഗ്രസ് വിരുദ്ധ മൂന്നാം മുന്നണി രൂപീകരിക്കാൻ ഡിഎംകെ പദ്ധതിയിടുന്നു. നിലവിൽ അടിയന്തര നീക്കങ്ങളിലേക്ക് കടന്നിട്ടില്ലെങ്കിലും ചില പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഡിഎംകെ വൃത്തങ്ങൾ പറഞ്ഞു. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായും ആർജെഡിയുടെ തേജസ്വി യാദവുമായിട്ടാണ് സ്റ്റാലിൻ ചർച്ച നടത്തിയതെന്നാണ് വിവരം. മമതയുമായും ചർച്ച നടത്തുന്നുണ്ട്. കോൺഗ്രസുമായി അതത് സംസ്ഥാനങ്ങളിൽ ബന്ധം തകർന്ന പാർട്ടികളെ യോജിപ്പിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *