രണ്ടാം കീരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും; ഐപിഎൽ ഫൈനൽ പോരാട്ടം കടുക്കും

അഹമ്മദാബാദ്: ഐപിഎൽ ഫൈനൽ പോരാട്ടം ഇന്ന് നടക്കും. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറകളുടെ പോരാട്ടമെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ കിരീടപ്പോരാട്ടത്തിന്. കിങ് കോലിയുടെ ആർസിബിയും ഗില്ലിന്‍റെ ഗുജറാത്തും ഏറ്റുമുട്ടുമ്പോൾ കലാശപ്പോര് കടുക്കുമെന്നുറപ്പാണ്.

വെങ്കടേഷ് അയ്യരും ദേവ്ദത്ത് പടിക്കലും ടി ഡേവിഡും ക്യാപ്റ്റൻ രജത് പാട്ടിദാറും ക്രുനാൽ പാണ്ഡ്യയും ചേരുന്നതോടെ ബാറ്റിങ്ങിൽ ആർസിബിക്ക് ആശങ്കകളില്ല. ആർസിബിയുടെ ബാറ്റിങ് യൂണിറ്റിനെ തുടക്കത്തിലേ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ടൈറ്റൻസ്. സീസണിലാകെ 46 വിക്കറ്റ് നേടിയ സിറാജ്-റബാഡ പേസ് സഖ്യത്തിന്‍റെ ഓപ്പണിങ് സ്പെൽ നിർണായകമാകും. പിന്നാലെ ഹോൾഡറും പ്രസിദ്ധും റാഷിന് ഖാനും ചേരുന്നത് ആർസിബിക്ക് തലവേദനയാകും. ഗില്ലും സായ് സുദർശനുമടങ്ങുന്ന ഓപ്പണിങ്ങാണ് ഗുജറാത്തിന്‍റെ കരുത്ത്. സെഞ്ച്വറി കൂട്ടുകെട്ടുകൾ ശീലമാക്കിയ ഒപ്പിണിങ് ജോഡിയെ വീഴ്ത്താൻ ഭുവനേശ്വറിന്‍റെ സ്വിങ്ങുകൾക്കായാൽ ആർസിബിക്ക് പ്രതീക്ഷ വയ്ക്കാം. ഹേസൽവുഡും ടഫിയും ചേരുന്നതോടെ ഗുജറാത്തിനെ ടൈറ്റാക്കാമെന്ന് ആർസിബിയും കണക്കുകൂട്ടുന്നുണ്ട്. ലീഗിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകൾക്കും ഒരോ ജയം വീതം.

എന്നാല്‍ ഹോം ഗ്രൗണ്ടിൽ ഏഴിൽ അഞ്ചും ജയിച്ചതിന്‍റെ ആത്മവിശ്വസമുണ്ട് ഗുജറാത്തിന്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ സ്കോർ 200 കടക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ പരസ്പരം ഏറ്റമുട്ടിയ 9 മത്സരങ്ങളില്‍ ആര്‍സിബി നാല് തവണ ജയിച്ചപ്പോള്‍ ഗുജറാത്തിന് 5 ജയങ്ങളുടെ മുന്‍തൂക്കമുണ്ട്. രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇരുടീമുകളും ഇറങ്ങുമ്പോൾ പോരാട്ടം കനക്കുെമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *