ബസുകളിൽ കാ‍​ർ​ഗോ കമ്പാർട്ട്മെന്റുകൾ; പുതിയ പദ്ധതിയുമായി വിജയ് സ‍ർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ . സ്റ്റേറ്റ് ട്രാൻസ്പോ‍ർട്ട് കോർപറേഷനുകളുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സർക്കാരിന്റെ പുതിയ നീക്കം. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) ഒഴികെ സംസ്ഥാനത്തെ ഏഴ് സ്റ്റേറ്റ് ട്രാൻസ്പോ‍ർട്ട് കോർപറേഷനുകൾക്ക് കീഴിലുള്ള മുഴുവൻ ബസുകളിലും കാർഗോ ട്രാൻസ്പോർട്ടേഷൻ സൗകര്യം ആരംഭിക്കും. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി ബസുകളിൽ പ്രത്യേകം തയ്യാറാക്കിയ കാർഗോ കമ്പാർട്ട്മെൻ്റുകൾ ഗതാഗത വകുപ്പ് മന്ത്രി എ വിജയ് തമിഴൻ പാർത്ഥിപൻ പരിശോധിച്ചു.

മുഖ്യമന്ത്രി വിജയ്‍യുടെ നിർദേശപ്രകാരമാണ് സർക്കാർ പദ്ധതി ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത്. സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോ‍ർട്ട് കോർപറേഷനുകൾ 26 മേഖലകളിലൂടെ 21,515 ബസുകളാണ് സ‍ർവീസ് നടത്തുന്നത്. ആകെ ഡിപ്പോകളുടെ എണ്ണം 317 ആണ്. ഏകദേശം 2.02 കോടി യാത്രക്കാരാണ് പ്രതിദിനം ബസ് സ‍ർവീസുകളെ ആശ്രയിക്കുന്നതെന്നാണ് കണക്ക്. ബസുകളിൽ പാഴ്സൽ സർവീസ് ആരംഭിക്കുന്നതോടെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഇതിലൂടെ കോ‍ർപറേഷനുകൾക്ക് ടിക്കറ്റിതര വരുമാനത്തിനുള്ള പുതുവഴി തുറക്കുമെന്നും സർക്കാർ കണക്കാക്കുന്നു.

ചെന്നൈയിലെ സെൻട്രൽ ഇലക്ട്രിക് ബസ് ഡിപ്പോ – 1ൽ സന്ദർശനം നടത്തിയാണ് ഗതാഗത വകുപ്പ് മന്ത്രി എ വിജയ് തമിഴൻ പാർത്ഥിപൻ ബസുകളിൽ പ്രത്യേകം സജ്ജമാക്കിയ കാ‍ർ​ഗോ കമ്പാർട്ട്മെൻ്റുകൾ പരിശോധിച്ചത്. കമ്പാർട്ട്മെൻ്റുകളുടെ രൂപകൽപനയിൽ ചില മാറ്റങ്ങൾ കൂടി വരുത്താൻ മന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. ഡിപ്പോയുടെ പ്രവ‍‍ർത്തനം വിലയിരുത്തിയ മന്ത്രി, പുതിയതായി നിർമ്മിക്കുന്ന സെൻട്രൽ ഇലക്ട്രിക് ബസ് ഡിപ്പാ – 2ൻ്റെ നിർമ്മാണ പുരോ​ഗതിയും പരിശോധിച്ചു.

ഇക്കഴിഞ്ഞ ജൂണിൽ തമിഴ്നാട്ടിലെ ട്രാൻസ്പോ‍ർട്ട് കോർപറേഷനുകൾക്ക് 300 പുതിയ ബസുകൾ കൂടി ലഭിച്ചിരുന്നു. ഇതിൽ 163 ബസുകൾ ഡീസലിലും 136 എണ്ണം സിഎൻജിയിലും പ്രവ‍‍ർത്തിക്കുന്നവയാണ്. ഏറ്റവും കൂടുതൽ ബസുകൾ (65) ലഭിച്ചിരിക്കുന്നത് ചെന്നൈ മെട്രോപൊളിറ്റൻ പരിധിയിൽ സർവീസുകൾ നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷനാണ്.

Leave a Reply

Your email address will not be published. Required fields are marked *